ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 3 മലയാളികളടക്കം 4 പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ എന്നിവരും ബസിലെ ക്ലീനറായ മറ്റൊരാളുമാണ് മരിച്ചത്.
മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയിൽ ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം. കാവേരി എന്ന സ്ലീപ്പർ ബസ് എതിർദിശയിൽ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചതെല്ലാം ഡ്രൈവർ കാബിനിൽ ഉണ്ടായിരുന്നവരാണെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയപട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഹുൻസൂരിലേക്കും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

