പയ്യന്നൂരിൽ വീടു കുത്തിത്തുറന്ന് 50 പവന് സ്വര്‍ണ്ണം കവര്‍ന്നു; സംഭവം വീട്ടുടമ പെരുന്നാളിനു ബന്ധുവീട്ടില്‍ പോയ സമയത്ത്

പയ്യന്നൂർ: വീടു കുത്തിത്തുറന്ന് 50 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. പെരിങ്ങോം കുറ്റൂരിലെ പരേതനായ അബ്ദുൽ റഹ്മാൻ്റെ ഭാര്യ നഫീസയുടെ വീട്ടിലാണ് കവർച്ച നടന്നത്. പെരുന്നാൾ ആഘോഷത്തിനായി വീടുപൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു നഫീസ. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. ഇരുനില വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകളിലും മറ്റുമാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. വിവരമറിഞ്ഞ് പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഫീസ വീട്ടിലില്ലാത്ത കാര്യം മുൻകൂട്ടി മനസ്സിലാക്കിയായിരിക്കാം കവർച്ച നടത്തിയതെന്നു സംശയിക്കുന്നു.

