നേമത്ത് എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ; സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: ത്രികോണ പോരാട്ടം നടക്കുന്ന നേമം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായ വി. ശിവൻകുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും നേമത്ത് ശിവൻകുട്ടിയെയാണ് എസ്ഡിപിഐ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു തങ്ങളുടെ പിന്തുണയെന്നും ലത്തീഫ് പറഞ്ഞു.
ആര് വോട്ടുനൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നത്. എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽഡിഎഫ് നേരത്തേ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ, രാഷ്ട്രീയത്തിൽ പ്രശ്നങ്ങളെല്ലാം മാറിമാറി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘‘തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണം. ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് വയ്ക്കില്ല. ഒരു തീരുമാനമെടുത്താൽ അവസാനംവരെ ആ തീരുമാനമെന്നത് അംഗീകരിക്കാൻ പറ്റില്ലല്ലോ. ജനാധിപത്യ സംവിധാനത്തിൽ ചില ആൾക്കാർ ഞങ്ങൾക്ക് വോട്ട് ചെയ്യേണ്ടെന്ന് പറയുന്നതുതന്നെ തെറ്റാണ്. ആര് വോട്ടുചെയ്താലും സന്തോഷത്തോടെ സ്വീകരിക്കും. സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. അത് വേർതിരിച്ച് വോട്ട് ചോദിക്കാനാകില്ല. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങുകതന്നെ ചെയ്യും. വേണ്ടെന്ന് പറയില്ല’’ – ശിവൻകുട്ടി പറഞ്ഞു.

