KSDLIVENEWS

Real news for everyone

ഭക്ഷണം തയാറാക്കാതെ ഡാൻസിന് പോകാനൊരുങ്ങി; ഭർത്താവിന്റെ മർദനമേറ്റ യുവതി മരിച്ചു

SHARE THIS ON

നാഗ്പുർ ∙ ഭക്ഷണം തയാറാക്കുന്നതിലെ തർക്കത്തിനു പിന്നാലെ ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു. യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

പൊലീസ് പറയുന്നതിങ്ങനെ: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ ലാൽ യാദവ് തനിക്കും കുട്ടികൾക്കും ഭക്ഷണം ഉണ്ടാക്കാൻ യാമിനിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഹൗസിങ് സൊസൈറ്റിയിലെ ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ തയാറെടുക്കുകയായിരുന്ന യാമിനി പാചകം ചെയ്യാൻ വിസമ്മതിച്ചു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. മദ്യപിച്ചിരുന്ന കൃഷ്ണ ലാൽ കുട്ടികളുടെ മുന്നിൽവച്ച് യാമിനിയുടെ കഴുത്തിലും വയറ്റിലും ക്രൂരമായി മർദിച്ചു.

കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭർത്താവിനോട് വേദനസംഹാരി ഗുളികകൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. കൃഷ്ണ ലാൽ മെഡിക്കൽ സ്റ്റോറിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാൽ മരുന്നില്ലാതെ മടങ്ങി. പിന്നീട് യാമിനിയുടെ നില വഷളായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിലെ എല്ലിന് ഒടിവും കുടലിന് ഗുരുതരമായ പരുക്കും സംഭവിച്ചതായി തെളിഞ്ഞു. തുടർന്നാണ് ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!