സൗജന്യ സിലിണ്ടർ, കേരളത്തിന് എയിംസ്; 3,000 രൂപ ക്ഷേമ പെന്ഷന്: പ്രകടനപത്രിക പുറത്തിറക്കി എന്‍ഡിഎ

തിരുവനന്തപുരം∙ വികസിത കേരളം മുന്‍നിര്‍ത്തിയുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന് ആണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. മേയര്‍ വി.വി.രാജേഷ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഘടകകക്ഷി നേതാക്കന്മാര് എന്നിവര്‍ പങ്കെടുത്തു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണത്തിനും ക്രിസ്മസിനും സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, എയിംസ് യാഥാർഥ്യമാക്കും, ഓരോ വീടിനും 20,000 ലീറ്റര്‍ സൗജന്യ കുടിവെള്ളം, 3,000 രൂപ ക്ഷേമ പെന്ഷന്, അതിവേഗ റെയില്‍ ശൃംഖല, ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ റീചാര്‍ജ് ഉള്ള ഒരു ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്’ നല്‍കും, പിന്തുണ ആവശ്യമുള്ള എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കും, ആയുഷ്മാന്‍ ഭാരത് പദ്ധതി എല്ലാ മലയാളികള്‍ക്കും ലഭ്യമാക്കും, ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയില്‍ ലോണ്‍ ലഭ്യമാക്കുന്ന ‘എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീം’ നടപ്പിലാക്കും, ഓരോ കോര്‍പറേഷനെയും നാടിന്റെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഓരോന്നിനും പ്രത്യേകമായ വികസന പദ്ധതികള്‍ ആവിഷ്കരിക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.

