സമസ്ത നൂറാം വാർഷികം: 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. സമസ്തയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സാമൂഹിക സേവന സംരംഭങ്ങളുടെ ഭാഗമായാണ് നിര്‍ധനരായ 850 യുവതീ യുവാക്കള്‍ക്ക് ദാമ്പത്യ ജീവിതത്തിലേക്ക് അവസരം നല്കി സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
കാന്തപുരം അബൂബക്കർ മുസ്ലിയാർ
ഏപ്രില്‍ 5ന് തമിഴ്നാട് നീലഗിരി ജില്ലയിലെ പാടന്തറയിലാണ് രാജ്യത്തെ തന്നെ വലിയ സമൂഹ വിവാഹത്തിന് വേദിയൊരുങ്ങുന്നത്. നീലഗിരി ജില്ലാ എസ് വൈ എസ് കമ്മിറ്റിയും പാടന്തറ മര്‍കസുമാണ് സംഘാടനത്തിന് നേതൃത്വം നല്‍കുന്നത്.
തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ മലയാളികള്‍ ധാരാളമുള്ള ജില്ലയാണ് നീലഗിരി. എല്ലാ ജാതി മതസ്ഥരും സമൂഹ വിവാഹ ഗുണഭോക്താക്കളിലുണ്ട്. അവരവരുടെ മതാചാരപ്രകാരം വിവാഹം നടക്കും. ബന്ധുക്കളും നാട്ടുകാരും അതിഥികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ക്ക് വിവാഹ സദ്യ ഒരുക്കും.

