UDF സർക്കാർ പ്രതികാര നടപടികൾ അവസാനിപ്പിക്കണം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പകപോക്കൽ നടപടി ഉചിതമല്ല’: CPIM

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രിയുടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചതിനെതിരെ സിപിഐഎം. പ്രതികാര നടപടികൾ അവസാനിപ്പിക്കണം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്. ഉത്തരവാദിത്വം നിർവഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പകപോക്കൽ നടപടി ഉചിതമല്ലെന്നും സിപിഐഎം.
നവകേരള സദസ്സിനോടും, എൽ.ഡി.എഫ് സർക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം, ജനാധിപത്യപരമായ പ്രതിഷേധങ്ങളുമാവാം. എന്നാൽ, അത്തരത്തിലൊന്നായിരുന്നില്ല അവിടെ നടന്നത്. മുഖ്യമന്ത്രിക്ക് ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരല്ല. സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്ന് തീരുമാനമെടുത്തതാണ്. പിന്നീട്, ഐ.ബിയുടെ നിർദ്ദേശത്തിലാണ് ഇസെഡ് കാറ്റഗറിയുള്ള സുരക്ഷ ഏർപ്പെടുത്തുന്നതെന്ന് സിപിഐഎം വിശദീകരിച്ചു.
സംസ്ഥാന സർക്കാർ പോലീസിനേയും രാഷ്ട്രീയ താൽപര്യത്തോടെ ഉപയോഗിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാർക്കെതിരെ നടന്ന ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. എറണാകുളത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതിനുള്ള സർക്കാർ നീക്കം നടക്കാതെ പോയത് സിപിഐഎമ്മിന്റെ ഇടപെടലാണെന്നും പ്രസ്താവനയിൽ പറയുന്നു.
പറഞ്ഞ വാഗ്ദാനങ്ങളൊന്നും തന്നെ സംസ്ഥാന സർക്കാരിന് നടപ്പിലാക്കാനാവുന്നില്ല. ഖജനാവ് കാലിയാണെന്ന് പറഞ്ഞ് നടന്നവരാകട്ടെ 6,000 കോടിയോളം രൂപ ഖജനാവിലുണ്ട് എന്ന കാര്യം പുറത്തുവന്നതോടെ വായ അടഞ്ഞുപോയിരിക്കുകയാണെന്ന് സിപിഐഎം കുറ്റപ്പെടുത്തി.

