KSDLIVENEWS

Real news for everyone

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ് അവസാനിച്ചു; ഒരു രേഖയും കിട്ടിയില്ലെന്ന് സെര്‍ച്ച് റിപ്പോര്‍

SHARE THIS ON

കണ്ണൂര്‍: കണ്ണൂരിലെ പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് പൂർത്തിയായി. രാവിലെ 8.30ന് തുടങ്ങിയ റെയ്ഡ് ഉച്ചയോടെയാണ് അവസാനിച്ചത്. റെയ്ഡിൽ ഒരു രേഖയും കിട്ടിയിട്ടില്ലെന്ന് സെർച്ച് റിപ്പോർട്ട് എഴുതി നൽകിയതായി സിപിഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു.പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് വീടിന് മുന്നിൽ നിന്ന് മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലെ റെയ്ഡും പൂര്‍ത്തിയായി. നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മല എലിയെ പ്രസവിച്ചതുപോലെയായി എന്നും റിയാസിന്‍റെ അഭിഭാഷകൻ പറഞ്ഞു.വീട്ടിൽ എല്ലായിടത്തും പരിശോധിച്ചു. നിയമ നടപടിയുടെ സാധ്യത പരിശോധിക്കും. റെയ്ഡ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അഭിഭാഷകൻ ആരോപിച്ചു.

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡിനെതിരെ സിപിഎം. ബിജെപിയുടെയും ഇഡിയുടെയും ഗൂഢരാഷ്ട്രീയം തുറന്നുകാണിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഇത്തരം നടപടികൾ കൊണ്ട് പിണറായിയെയോ സിപിമ്മിനെയോ ഭയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഡിയുടെ കേസ് പിണറായിക്കെതിരെയല്ല കേരളത്തിലെ സിപിഎമ്മിനെതിരാണെന്ന് എം.വിഗോവിന്ദൻ പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും വീടുകളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം വാടക വീട്ടിലുമാണ് റെയ്ഡ് നടന്നത്. പിണറായിയും മകൾ ടി. വീണയും വീട്ടിലുണ്ടായിരുന്നു. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലുമാണ് പരിശോധന നടന്നത്. ആലുവയിലെ സിഎംആർഎൽ ഓഫീസിലും ശശിധരൻ കർത്തയുടെ വീടും ഉൾപ്പെടെ 12 ഇടത്താണ് ഇഡി സംഘം എത്തിയത്. കേസിൽ അന്വേഷണം തുടരാമെന്ന ഇന്നലത്തെ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!