കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ, പിന്നാലെ മറ്റ് ബസുകളിലും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതി ഓഡിനറിക്ക് പുറമേ മറ്റ് ബസ് സർവീസുകളിലേക്ക് വ്യാപിപ്പിച്ചേക്കും. പദ്ധതിയുടെ ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. ഇതിനുശേഷം ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ ബസുകളിലേക്ക് സൗജന്യം വ്യാപിപ്പിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ ഗ്യാരന്റി’യിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വനിതകളുടെ സൗജന്യ യാത്രാ പദ്ധതി. ഇത് ജൂൺ 15 മുതലാണ് നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി നടത്തിയ പഠനങ്ങളുടെയും കണക്കെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകൾ മാത്രം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഓർഡിനറി ബസുകളിൽ മാത്രമായി പദ്ധതി പരിമിതപ്പെടുത്തേണ്ടതില്ലെന്നും ഘട്ടംഘട്ടമായി വിപുലീകരിക്കാനുമാണ് നിലവിലെ ആലോചന.
പദ്ധതി നടപ്പാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ഏകദേശ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുകയാണെങ്കിൽ പ്രതിമാസം 712 കോടി രൂപ അധിക ബാധ്യത വരും. എല്ലാ ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണെങ്കിൽ ബാധ്യത പ്രതിമാസം 1300 കോടി രൂപയായി ഉയരുമെന്നും കണക്കാക്കുന്നു.
പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടായേക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും നിയന്ത്രണങ്ങളും സംബന്ധിച്ച വ്യക്തത ഈ യോഗത്തിന് ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

