സർവീസ് റോഡുൾപ്പെടെ പൂർത്തിയാക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ വേഗത്തിൽ തുറക്കാൻ നീക്കം: പ്രതിഷേിച്ച് നാട്ടുകാർ

പെരിയ: സർവീസ് റോഡുൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ തുറക്കാനുള്ള നീക്കത്തിനെതിരെ ടോൾ പ്ലാസയ്ക്കു സമീപം പുല്ലൂർ പെരിയ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധസമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിത ഉദ്ഘാടനം ചെയ്യുന്നു. കുണിയ മുതൽ പുല്ലൂർ പാലം വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാതെ തിടുക്കത്തിൽ ടോൾ പ്ലാസ തുറക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം.
പഞ്ചായത്ത് ഓഫിസിനു മുന്നിൽനിന്ന് അംഗങ്ങൾ പ്രകടനമായെത്തിയ ശേഷം നടന്ന സമരപരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ ബി.എ.ഷാഫി, കെ.പി.ദീപ, എ.വി.മിനി, അംഗങ്ങളായ രതീഷ് കാട്ടുമാടം, എ.കാർത്യായനി, എ.സന്തോഷ്കുമാർ, എ.വേണു, കെ.സുനിത, സി.കൃഷ്ണകുമാർ, കെ.ബിന്ദു, ലീല, സി.ശോഭന, വി.കെ.നളിനി എന്നിവർ പ്രസംഗിച്ചു.
ആരിക്കാടിയിൽ സംഭവിച്ചത്
കുമ്പള ആരിക്കാടിയിൽ ദേശീയപാത 66-ൽ താൽക്കാലികമായി ആരംഭിച്ച ടോൾ പ്ലാസയ്‌ക്കെതിരെ നടന്ന ജനകീയ സമരം വിജയംകണ്ടിരുന്നു. നിയമവിരുദ്ധമായാണ് ടോൾ പിരിവെന്നാരോപിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2026 ഫെബ്രുവരിയിൽ ടോൾ പിരിവ് അവസാനിപ്പിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർബന്ധിതരായി.
ദേശീയപാത നിർമാണം പൂർത്തിയാകും മുൻപ്, ചാലിങ്കാലിൽ വരേണ്ട ടോൾ ബൂത്ത് ആരിക്കാടിയിൽ താൽക്കാലികമായി സ്ഥാപിച്ച് 2026 ജനുവരി 12ന് ടോൾ പിരിവ് ആരംഭിച്ചതിനെതിരേയായിരുന്നു സമരം. എ.കെ.എം.അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരം ചെയ്തവരെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധം ശക്തമായി തുടർന്നു. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന ദേശീയപാത മാനദണ്ഡങ്ങൾ ലംഘിച്ചാണ് ടോൾ പിരിവ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് കേന്ദ്ര സർക്കാർ ഇടപെടുകയും, 2026 ഫെബ്രുവരി ആദ്യവാരത്തോടെ ആരിക്കാടിയിലെ താൽക്കാലിക ടോൾ പ്ലാസയുടെ പ്രവർത്തനം പൂർണമായി നിർത്താൻ തീരുമാനിക്കുകയും ചെയ്തു.
നാട്ടുകാരുടെ ആവശ്യം
ചാലിങ്കാൽ ടോൾ പ്ലാസയുടെ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഇവിടെ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡിന്റെയും ഓവുചാലിന്റെയും പ്രവൃത്തികൾ ആരംഭിച്ചിട്ടേയില്ല. ചാലിങ്കാൽ മൊട്ടയിൽ നിന്നും റോഡ് വഴി വരുന്ന വെള്ളം മുഴുവൻ തണ്ണോട്ട് റോഡിലൂടെ വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും പോകാനാകാത്തവിധംകുത്തി ഒഴുകുകയാണ്. കൂടാതെ ഈ പ്രദേശത്തെ വിടുകളിലടക്കം വെള്ളം കയറുന്നു. കുണിയ മുതൽ പുല്ലൂർ പാലം വരെ ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ഈ പ്രദേശങ്ങളിൽ സർവീസ് റോഡിന്റെയും ഓവുചാലിന്റെയും പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് ജനങ്ങളുടെ യാത്രാദുരിതവും വെള്ളക്കെട്ട് പ്രശ്നവും പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രവൃത്തികൾ പൂർത്തിയാക്കിയ ശേ,ം ടോൾ പിരിവ് ആരംഭിച്ചാൽ മതിയെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കാനുമാണ് നാട്ടുകാരുടെ തീരുമാനം. സമരപരിപാടികൾ ശക്തിപ്പെടുത്താൻ 28 ന് 10 ന് ചാലിങ്കാലിൽ ജനകീയ സമരസമിതി രൂപീകരണ യോഗം ചേരും.
ജനവികാരം മാനിക്കാതെ കരാർ കമ്പനി ടോൾ പ്ലാസ നിർമാണവുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിതയും വൈസ് പ്രസിഡന്റ് എം.കെ.ബാബുരാജും പറഞ്ഞു.

