KSDLIVENEWS

Real news for everyone

ലെബനനിൽ ഇസ്രായേൽ ആക്രമണം; ഹോ‌ർമുസ് വീണ്ടും അടച്ച് ഇറാൻ, അമേരിക്ക ചതിച്ചെന്ന് വിമർശനം

SHARE THIS ON

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്ക വഞ്ചിച്ചെന്നും വാഗ്ദാനങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും ഇറാന്റെ സംയുക്ത സൈനിക നേതൃത്വം വ്യക്തമാക്കി.

ആക്രമണം തുടരുകയാണെങ്കിൽ അടുത്ത ഘട്ടങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക ടെലിവിഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഇറാന്റെ സംയുക്ത സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി. ഈ ആഴ്ചയുടെ തുടക്കത്തിൽ അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക കരാർ ഒപ്പിട്ടതിനെത്തുടർന്ന് ഹോ‌ർമുസ് കടലിടുക്ക് തുറക്കുകയും കപ്പലുകൾ സർവീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു.

വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ലെബനനിൽ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തിയത്. ശനിയാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇസ്രായേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ താൽക്കാലിക കരാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

അതേസമയം, തെക്കൻ ലെബനനിലെ ഇസ്രായേൽ സൈനികർക്ക് നേരെ അമ്പതിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. പുതിയതായി പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ഹിസ്ബുള്ള ആവർത്തിച്ച് ലംഘിക്കുന്നതായി ഇസ്രായേൽ സൈന്യം ആരോപിച്ചു. രാത്രിയിൽ തെക്കൻ ലെബനനിൽ നിലയുറപ്പിച്ചിരുന്ന ഇസ്രായേൽ സേനയ്ക്ക് നേരെ അമ്പതിലധികം റോക്കറ്റുകളും മറ്റ് സ്‌ഫോടകവസ്തുക്കളും തൊടുത്തുവിട്ടതായാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. 

തെക്കൻ ലെബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ താവളങ്ങളെയും പോരാളികളെയും ലക്ഷ്യമിട്ട് ഇതിന് തിരിച്ചടി നൽകിയെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. സംഘർഷം രൂക്ഷമായ സാഹചര്യത്തിലും വെടിനിർത്തൽ കരാറിനോട് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. എങ്കിലും ഇസ്രായേൽ സൈനികർക്കോ പ്രദേശങ്ങൾക്കോ നേരെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള ഭീഷണികൾക്കെതിരെയും തുടർന്നും നടപടിയെടുക്കുമെന്നും സൈന്യം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!