എബോള ഭീതി ഒഴിയുന്നു; സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ് ചെയ്തു.
സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ അമ്പത്തിരണ്ടുവയസ്സുകാരിയാണ് എബോള സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉഗാണ്ട വഴി എത്തിയെന്ന പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഡി.ആർ.((DRC) കോംഗോയിലെയും ഉഗാണ്ടയിലെയും എബോള വ്യാപനത്തിൽ നിരവധിപേർക്കാണ് ജീവൻ നഷ്ടമായത്. പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.
2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.
എബോള വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.

