KSDLIVENEWS

Real news for everyone

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക്; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

SHARE THIS ON

ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുംദിവസങ്ങളിൽ, പ്രത്യേകിച്ച് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാനും കനത്ത മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലകളിൽ പെയ്ത മഴ കടുത്ത വേനൽച്ചൂടിൽ നിന്ന് വലിയ ആശ്വാസമായിരുന്നു.

ഖോർഫക്കാന്റെ മലനിരകളിൽ കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്നലെ അൽ ഐനിലെ സ്വൈഹാനിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടായ 49.4°C രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയുമായി പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കാനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ കിഴക്കൻ ഭാഗങ്ങളിൽ വീണ്ടും മഴ പെയ്തേക്കാം. ഇതോടൊപ്പം രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും പ്രവചനമുണ്ട്.

യുഎഇയുടെ കിഴക്കൻ മേഖലകളായ ഫുജൈറ, അൽ ഐൻ, ഹത്ത, കൽബ, ദിബ്ബ തുടങ്ങിയ മലയോര പ്രദേശങ്ങളിൽ വേനൽക്കാലത്ത് മഴ പെയ്യുന്നത് സ്വാഭാവികമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് ഈ സീസണൽ മഴ ലഭിക്കുന്നത്. അന്തരീക്ഷ സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ ഈ മഴമേഘങ്ങൾ ഉൾപ്രദേശങ്ങളിലേക്കും ദുബൈയുടെ അതിർത്തി മേഖലകളിലേക്കും വ്യാപിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്.

error: Content is protected !!