വീണ്ടും പരീക്ഷണയോട്ടം നടത്തി ബെംഗളൂരു– മംഗളൂരു വന്ദേഭാരത്; എത്തിയത് ചെങ്കുത്തായ ചുരം പാതയിൽ ഓടിക്കാവുന്ന ട്രെയിൻ

മംഗളൂരു: ദക്ഷിണ–പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷനു കീഴിൽ അനുവദിച്ച ബെംഗളൂരു–മംഗളൂരു വന്ദേഭാരത് മംഗളൂരുവിലേക്ക് വീണ്ടും പരീക്ഷണയോട്ടം നടത്തി. യശ്വന്ത്‌പുര ജംക‍്ഷൻ–മംഗളൂരു ജംക‍്‍്ഷൻ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പരീക്ഷണയോട്ടം നടത്തിയത്. വ്യാഴം രാവിലെ 6.50ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.55ന് മംഗളൂരു ജംക‍്‍ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. 2.50ന് മംഗളൂരുവിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 55 മിനിറ്റ് മുൻപേയെത്തി.
ഹാസൻ, സകലേഷ്പുര, സുബ്രഹ്മണ്യ റോഡ്, കബക്ക പുത്തൂർ സ്റ്റേഷനുകളിലായിരുന്നു സ്റ്റോപ്. വൈകിട്ട് 3.10ന് മംഗളൂരു ജംക‍്‍്ഷനിൽ നിന്ന് യശ്വന്ത്‌പുരയിലേക്ക് ട്രെയിൻ മടക്കയാത്ര ആരംഭിച്ചു. ചെങ്കുത്തായ ചുരം പാതയിൽ ഓടിക്കാൻ സഹായിക്കുന്ന ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ് (എഇബി) സംവിധാനമുള്ള 16 കോച്ചുകളോടു കൂടിയ വന്ദേഭാരത് ട്രെയിനാണ് മംഗളൂരുവിൽ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പരീക്ഷണയോട്ടം നടത്തിയെങ്കിലും യെടകുമേരി–സുബ്രഹ്മണ്യ മേഖലയിൽ എത്തിയപ്പോൾ സാങ്കേതിക തകരാർ നേരിട്ടതോടെ നിശ്ചയിച്ച സമയത്തിൽ നിന്ന് 2 മണിക്കൂർ 5 മിനിറ്റ് വൈകി 4.30നാണ് ട്രെയിൻ സ്റ്റേഷനിലെത്തിയത്.

