കാസർകോട്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും: ടോൾ ബൂത്തുകൾ അറിയാം

ആലപ്പുഴ: ദേശീയപാത 66-ൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട് വരെ(645 കിലോമീറ്റർ)യുള്ള യാത്രയ്ക്കിടെ പതിമ്മൂന്നിടങ്ങളിൽ ചുങ്കം പിരിക്കും. റോഡിനു മീതേയും ഇരുവശത്തുമായുള്ള ടോൾ ബൂത്തുകളുടെ പണിയാണ് ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇവിടേക്കുള്ള യന്ത്രസംവിധാനങ്ങളും ഉടൻ സ്ഥാപിക്കും.
ദേശീയപാത 66-ൽ പന്ത്രണ്ടും അനുബന്ധമായുള്ള അരൂർ-തുറവൂർ 12.75 കിലോമീറ്റർ ഉയരപ്പാതയിലെ എരമല്ലൂരിലും ടോൾ ബൂത്തുണ്ടാകും. ആകെ 13 എണ്ണം. ഇതിൽ കൊളശ്ശേരി (കണ്ണൂർ), കുമ്പളം (എറണാകുളം), തിരുവല്ലം (തിരുവനന്തപുരം), വെട്ടിച്ചിറ (മലപ്പുറം), ഒളവെണ്ണ (കോഴിക്കോട്) എന്നിവ നിലവിലുള്ളതാണ്.
പുല്ലൂർ പെരിയ (കാസർകോട്), തിരുവങ്ങാട് (കണ്ണൂർ), അഴിയൂർ (കോഴിക്കോട്), നാട്ടിക (തൃശ്ശൂർ), കൊമ്മാടി (ആലപ്പുഴ), ഓച്ചിറ, പാരിപ്പള്ളി (കൊല്ലം) എന്നിവിടങ്ങളിലാണ് പുതുതായി ചുങ്കം പിരിവു തുടങ്ങുന്നത്.
ആലപ്പുഴ കടക്കാൻ കീശചോരും; നാലിടത്ത് ചുങ്കം
പാതയിൽ എറണാകുളത്തുനിന്ന് ആലപ്പുഴ ജില്ലയിലേക്കു പ്രവേശിക്കുന്നതിനു മുൻപ് കുമ്പളത്തെ ടോൾ പ്ലാസയിൽ പണം നൽകണം. പിന്നാലെ അരൂർ-തുറവൂർ ഉയരപ്പാതയിലെ എരമല്ലൂരിലും ആലപ്പുഴ ബൈപാസ് തുടങ്ങുന്ന കൊമ്മാടിയിലും ടോൾ ബൂത്തുണ്ടാകും. ജില്ലയുടെ തെക്കേ അതിർത്തിയായ കൃഷ്ണപുരത്തുനിന്ന് ഏഴു കിലോമീറ്റർ പിന്നിടുമ്പോൾ ഓച്ചിറയിലും ചുങ്കം കൊടുക്കണം. ആലപ്പുഴ ജില്ലയിലൂടെയുള്ള 89 കിലോമീറ്റർ കാർ യാത്രയ്ക്ക് വലിയ തുക ചുങ്കം നൽകേണ്ടി വരുമെന്നാണു സൂചന.

