KSDLIVENEWS

Real news for everyone

പ്രതിഷേധിച്ചവർക്കെതിരേ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി; അതൃപ്തിയറിയിച്ച് സിജെപി

SHARE THIS ON

ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ചയിൽ പ്രതിഷേധിച്ചവർക്കെതിരേ രജിസ്റ്റർചെയ്ത കേസുകളിൽ അന്വേഷണം തുടരാൻ അനുമതി നൽകി സുപ്രീംകോടതി. എന്നാൽ, അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.

അതേസമയം, അന്വേഷണം തുടരാൻ സുപ്രീംകോടതി അനുമതി നൽകിയതിൽ കോക്രോച്ച് ജനതാ പാർട്ടി കടുത്ത അതൃപ്തിയറിയിച്ചു. ബി.ജെ.പി., എൻ.ഡി.എ. സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രതിഷേധക്കാരെ വേട്ടയാടാൻ സുപ്രീംകോടതി ഉത്തരവിനെ ഉപയോഗിക്കുമെന്ന് സി.ജെ.പി. വക്താവ് സൗരവ് ദാസ് ആശങ്കയറിയിച്ചു. ജൂലായ് 25-നുനടന്ന ചർച്ചയിൽ കേന്ദ്രം ഉറപ്പുനൽകിയ പ്രകാരം എഫ്.ഐ.ആറുകൾ റദ്ദാക്കിയില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സി.ജെ.പി. മുന്നറിയിപ്പുനൽകി.

കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പുനൽകിയ കാര്യം കേന്ദ്രത്തിനും ഡൽഹി സർക്കാരിനുംവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയിൽ പറഞ്ഞില്ല. ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണമാകാം. പോലീസ് അതിക്രമം നടന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സമരസ്ഥലത്ത് കൊടുംകുറ്റവാളികൾ നുഴഞ്ഞുകയറി അതിക്രമം നടത്തിയെന്നും 280 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും മേത്ത പറഞ്ഞു.

പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങളുടെ പരാതിയും ഇതോടൊപ്പം കേൾക്കാനും സുപ്രീംകോടതി തീരുമാനിച്ചു. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്താൻ സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കുമെന്നും ബെഞ്ച് സൂചിപ്പിച്ചു. പ്രതിഷേധങ്ങൾ നടന്ന സംസ്ഥാനങ്ങളുടെ ഭാഗംകൂടി കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തുടർന്ന് ഡൽഹി, കേരളം, ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസയച്ചുകൊണ്ട് കേസ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി.

സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്:

1. കേസുകളിൽ അന്വേഷണം തുടരാം, അറസ്റ്റ് നടപടികൾ പാടില്ല. എന്നാലിത് കുറ്റകൃത്യ ചരിത്രമുള്ളവർക്ക് ബാധകമല്ല.

2. അറസ്റ്റിലായവരിൽ കുറ്റകൃത്യചരിത്രമില്ലാത്ത, 18 വയസ്സിൽ താഴെയുള്ളവരെ വിട്ടയക്കണം.

3. പ്രതിഷേധങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ശരീരത്തിൽ ഘടിപ്പിച്ച ക്യാമറാ റെക്കോഡിങ്ങുകൾ, വീഡിയോകൾ, വയർലെസ് ആശയവിനിമയ രേഖകൾ, പി.സി.ആർ. രേഖകൾ എന്നിവ സംരക്ഷിക്കണം.

4. പ്രതിഷേധക്കാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചത് സംരക്ഷിക്കണം. ഇവ തത്‌കാലം പുറത്തുവിടരുത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!