വിദ്വേഷ പരാമർശം: ടി.ജി. മോഹൻദാസിന് ജാമ്യം; മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം

തിരുവനന്തുപുരം: ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസിന് ജാമ്യം. അഡീഷണൽ ജീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തുടർച്ചയായ അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു.
ഒരുവിധത്തിലും ജാമ്യം അനുവദിക്കരുതെന്നും പ്രതി പുറത്തേക്ക് പോയാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ അന്വേഷണവുമായി ടി.ജി. മോഹൻദാസ് സഹകരിക്കുന്നുണ്ടെന്ന് പ്രതിക്ക് വേണ്ടി ഹാജരായ വക്കീൽ വാദിച്ചു. നോട്ടീസ് പോലും നൽകാതെയാണ് ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തതെന്നും ഇത് നിയപരമല്ലെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

