വിവാഹ വാഗ്ദാനം നൽകി പീഡനം, ഭക്ഷണം കൊടുക്കാതെ പൂട്ടിയിട്ടു: ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ

കൊൽക്കത്ത: മെഡിക്കൽ വിദ്യാർഥിനി നൽകിയ പീഡന പരാതിയിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ അറസ്റ്റിൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മുൻനിര ബാറ്ററാണ് അഭിഷേക്. ബംഗാളിലെ എമാമി നഗരത്തിൽനിന്നാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്പി കുൻവർ ഭൂഷൺ സിങ് അറിയിച്ചു. ഇന്ത്യൻ താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും, പിന്നീട് മർദിച്ചെന്നും പരാതിപ്പെട്ട് കഴിഞ്ഞ ജൂണിലാണ് യുവതി പൊലീസിനെ സമീപിച്ചത്. കൊൽക്കത്ത ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യൻ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തേ ഇന്ത്യ എ ടീമിന്റെ യുകെ, ഓസ്ട്രേലിയ പര്യടനങ്ങളിൽ അഭിഷേക് പൊറേലും പങ്കെടുത്തിരുന്നു. യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പൊറേലിന്റെ നിലപാട്. മൂന്നു വർഷത്തിലേറെയായി അഭിഷേകുമായി പ്രണയത്തിലായിരുന്നെന്നും, കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ബോധപൂർവം അകലം പാലിക്കുന്നതായി തോന്നിയതെന്നും യുവതിയുടെ പരാതിയിലുണ്ട്. വിവാഹ വാഗ്ദാനം നൽകിയെങ്കിലും അതു പാലിക്കാനും അഭിഷേക് തയാറായില്ലെന്നും യുവതി പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് യുവതി നൽകിയ പരാതി പ്രകാരമുള്ള എഫ്ഐആറിലുള്ളത്.
‘‘അഭിഷേക് പരാതിക്കാരിയെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചു. ഭക്ഷണം കൊടുക്കാതെ പൂട്ടിയിട്ടു. ഇതിന്റെ ഫലമായി യുവതിയുടെ ആരോഗ്യം മോശമാകുകയും നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലുമായിരുന്നു. പരുക്കുകളുണ്ടായിരുന്നതിനാൽ വിമാന യാത്ര പോലും ഒഴിവാക്കി യുവതിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു.’’– എഫ്ഐആറിൽ പറയുന്നു.
2023 മുതൽ ഡല്‍ഹി ക്യാപിറ്റൽസിനു വേണ്ടിയാണ് അഭിഷേക് പൊറേൽ കളിക്കുന്നത്. കഴിഞ്ഞ സീസണിൽ നാലു മത്സരങ്ങളിൽ ഇറങ്ങിയ അഭിഷേക് 108 റൺസാണു സ്വന്തമാക്കിയത്. 2021–22 സീസണിലാണ് അഭിഷേക് ബംഗാളിനായി അരങ്ങേറ്റ മത്സരം കളിച്ചത്. ബംഗാൾ ടീമിൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും ഇറങ്ങിയിട്ടുണ്ട്.

