KSDLIVENEWS

Real news for everyone

യുദ്ധക്കുറ്റങ്ങൾ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ; മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ

SHARE THIS ON

ദമാസ്‌കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിനെ വധശിക്ഷയ്ക്ക് വിധിച്ച് സിറിയൻ കോടതി. രാജ്യത്ത് 14 വർഷം നീണ്ടുനിന്ന സംഘർഷങ്ങൾക്കിടയിൽ ചെയ്ത യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കുമാണ് കോടതി ചൊവ്വാഴ്ച അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. അസദിന്റെ അസാന്നിധ്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

2024 ഡിസംബറിൽ വിമതർ ദമാസ്‌കസ് വളഞ്ഞതിനെത്തുടർന്ന് അസദ് കുടുംബത്തോടൊപ്പം മോസ്‌കോയിലേക്ക് പലായനം ചെയ്തിരുന്നു. അസോസിയേറ്റഡ് പ്രസ്സിന്റെ (AP) റിപ്പോർട്ട് പ്രകാരം അസദിന്റെ ഇളയ സഹോദരൻ മഹർ അസദിനെയും ഇതേ കേസിൽ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

ഇതിനുപുറമേ, അസദിന്റെ ബന്ധുവായ ആതിഫ് നജീബിനെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച പ്രക്ഷോഭങ്ങൾക്ക് തൊട്ടുമുമ്പ്, തെക്കൻ പ്രവിശ്യയായ ദാരായിൽ നടന്ന ക്രൂരമായ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകിയെന്നാണ് നജീബിനെതിരെയുള്ള കുറ്റം.

സിറിയൻ സൈന്യത്തിലെ മുൻ ബ്രിഗേഡിയർ ജനറലായ നജീബ്, 2011-ൽ അസദ് ഭരണകൂടത്തിന് കീഴിൽ ദാരായിലെ പൊളിറ്റിക്കൽ സെക്യൂരിറ്റി ബ്രാഞ്ചിന്റെ തലവനായിരുന്നു. അസദ് ഭരണകൂടത്തിലുണ്ടായിരുന്ന വിചാരണ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരിൽ ഒരാളാണ് നജീബ്.

ശിക്ഷ വിധിക്കുന്ന സമയത്ത് നജീബ് കോടതിയിൽ ഹാജരായിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നജീബിനെതിരായ വധശിക്ഷ കോടതി പ്രഖ്യാപിച്ചത്. ജഡ്ജി വിധിന്യായം വായിക്കുമ്പോൾ അദ്ദേഹം തടവുകാരന്റെ വേഷത്തിൽ ഇരുമ്പ് കൂട്ടിനുള്ളിലാണ് നിന്നതെന്ന് എ.പി. റിപ്പോർട്ട് ചെയ്യുന്നു.

14 വർഷം നീണ്ടുനിന്ന ഈ സംഘർഷങ്ങളിൽ അഞ്ചുലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സിറിയയിലെ താൽക്കാലിക ഭരണകൂടത്തിന് കീഴിൽ അസദിനെതിരെ വരുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വിധിയാണിത്.

മുൻ ഭരണകൂടവുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ച താൽക്കാലിക ഭരണകൂടം, ചില പ്രതികളെ നേരിട്ടും മറ്റു ചിലരെ അവരുടെ അസാന്നിധ്യത്തിലുമാണ് വിചാരണ ചെയ്തുവരുന്നത്. മോസ്‌കോയിലേക്ക് പോയതിനാൽ, വിചാരണ നടപടികൾക്കായി അസദ് കോടതിയിൽ ഹാജരായില്ലെങ്കിലും അദ്ദേഹത്തിന് വധശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.

error: Content is protected !!