KSDLIVENEWS

Real news for everyone

കാസർകോട് കലക്ട്രേറ്റ് സീനിയർ ക്ലർക്ക് ആശാലതയുടെ മരണം; മരണ മൊഴി പുറത്ത് വിട്ട് പോലീസ്; അന്വേഷണ റിപ്പോർട്ട് തേടി കളക്ടർ, കണ്ണീരോടെ വിട നൽകി നാട്

SHARE THIS ON

കാസർകോട്: കലക്ടറേറ്റിലെ സീനിയർ ക്ലാർക്ക് എ.ആശാലതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനു കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. വിദ്യാനഗർ പൊലീസ് നടത്തുന്ന അന്വേഷണത്തിനു പുറമേയാണിത്. ആശാലത വിദ്യാനഗർ പൊലീസിന് മൊഴിയിൽ പറയുന്നത് താഴെ പറയും പ്രകാരമാണ്: ‘കഴിഞ്ഞ 7ന് രാവിലെ 10ന് 3 പാക്കറ്റ് എലിവിഷം (റാറ്റോൾ) പേസ്റ്റ് ഐസ്ക്രീമിൽ കലർത്തി കഴിച്ചത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇത് കഴിക്കാനുള്ള കാരണം ഞാൻ വീട്ടിലും ഓഫിസിലും ഒറ്റപ്പെട്ടുപോയെന്ന് തോന്നിയതും അതുമൂലമുള്ള മെന്റൽ സ്ട്രെസുമാണ്. കുറച്ചുദിവസമായി മാനസികമായി തകർന്ന നിലയിലാണ്. ആർക്കെതിരെയും എനിക്ക് പരാതിയില്ല. ഞാൻ ഇത് സ്വന്തം ഇഷ്ടപ്രകാരം മരിക്കാൻ തീരുമാനിച്ച് ചെയ്തതാണ്.’

7ന് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചെങ്കളയിലെ ആശുപത്രിയിൽവച്ച് വിദ്യാനഗർ പൊലീസ് മൊഴി രേഖപ്പെടുത്തിയത്. 9ന് ഉച്ചയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആശാലത മരിച്ചത്. കഴിഞ്ഞ മേയ് 12 മുതലാണ് ആശാലത കലക്ടറേറ്റിൽതന്നെയുള്ള എൻഡോസൾഫാൻ സ്‌പെഷൽ സെല്ലിൽ ജോലി ചെയ്യുന്നത്. എൻഡോസൾഫാൻ സ്‌പെഷൽ സെല്ലിലും മികച്ച രീതിയിലാണ് അവർ സേവനം നടത്തിയിരുന്നതെന്നാണ് ഉദ്യോഗസ്ഥരും അറിയിച്ചത്. വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു കലക്ടർ അറിയിച്ചു.

ആശാലതയ്ക്ക് വിടനൽകി നാട്
വിദ്യാനഗർ ∙ എലിവിഷം അകത്തുചെന്നു മരിച്ച കലക്ടറേറ്റിലെ സീനിയർ ക്ലാർക്ക് അതൃക്കുഴിയിലെ എ.ആശാലതയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. 8നു രാത്രി 9.30ന് ബന്ധുക്കളും എൻജിഒ യൂണിയൻ നേതാക്കളും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്നു പോസ്റ്റുമോർട്ടത്തിനുശേഷം ചെങ്കളയിലെ ഇ.കെ.നായനാർ സ്മാരക കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലേക്കു മാറ്റി. തിങ്കൾ രാവിലെ 10ന് പൊതുദർശനത്തിനായി മൃതദേഹം കാസർകോട് സിവിൽ സ്റ്റേഷനിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.

പിന്നീട് അതൃക്കുഴിയിലെ ക്ലബ്ബിലെ പൊതുദർശനത്തിനുശേഷം വീട്ടിലെത്തിച്ചു. തുടർന്നു വീട്ടുവളപ്പിൽ സംസ്കാരം നടത്തികലക്ടർ അർജുൻ പാണ്ഡ്യൻ ഉൾപ്പെടെയുള്ള റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. കെ.നീലകണ്ഠൻ എംഎൽഎയും അന്ത്യോപചാരമർപ്പിക്കാൻ സിവിൽ സ്റ്റേഷനിലെത്തിയിരുന്നു.

error: Content is protected !!