KSDLIVENEWS

Real news for everyone

കൊളംബിയയെ നടുക്കിയ ഭൂചലനത്തിൽ മരണ സംഖ്യ ഉയരുന്നു: 132 മരണം സ്ഥിരീകരിച്ചു; ആയിരത്തിലേറെ പേർക്ക് പരിക്ക്; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

SHARE THIS ON

കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 132 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബിയയെ നടുക്കിയ വൻ ഭൂചലനത്തിൽ 132 മരണം. ആയിരത്തിലധികം പേർക്ക് പരിക്ക്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ മാസത്തിൽ അയൽരാജ്യമായ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ വൻ ഭൂചലനമുണ്ടായത്. പടിഞ്ഞാറൻ കൊളംബിയയിലെ ചോക്കോ പ്രവിശ്യയാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം. കൊളംബിയ ഈ നൂറ്റാണ്ടിൽ നേരിട്ട ഏറ്റവും ശക്തമായ ഭൂചലനത്തിൽ ആറ് പ്രവിശ്യകളിലായി 1,575 വീടുകളും 18 ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നു. മൂന്ന് വിമാനത്താവളങ്ങളും ഭാഗികമായി തകർന്നു. ആറ് വിമാനത്താവളങ്ങൾ അടച്ചു.

രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ
റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തകർന്നുവീണ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഭൂകമ്പത്തിനു പിന്നാലെ 21 തുടർചലനങ്ങൾ ഉണ്ടായി. മരണ സംഖ്യ ഇനിയും വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ പ്രസിഡന്റായി അബെലാർഡോ ഡി ലാ എസ്പ്രിയേല്ല ചുമതലയേറ്റ് ദിവസങ്ങൾക്കകം ഉണ്ടായ ദുരന്തം പുതിയ സർക്കാരിന് മുന്നിലെ ആദ്യത്തെ പ്രതിസന്ധിയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര ധനസഹായവും പുനരധിവാസവും വേഗത്തിലാക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊളംബിയയുടെ അയൽ രാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും തുടർ ചലനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!