KSDLIVENEWS

Real news for everyone

മെസ്സി വിവാദം: ഇഡി പരിശോധന ആരംഭിച്ചു; വിദേശത്തേയ്ക്ക് പണം കൈമാറിയത് അന്വേഷിക്കും

SHARE THIS ON

കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം. സ്പോൺസർ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ നടപടി.

ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയായ ഇ.ഡി. ഇപ്പോൾ വിവരശേഖരണവും പ്രാഥമിക പരിശോധനയും തുടങ്ങിയിരിക്കുന്നത്.

മെസ്സിയെ കൊണ്ടുവരുന്നതിനായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കൈമാറിയതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് പണം നൽകിയതെന്ന വാദമാണ് കമ്പനി ഉയർത്തുന്നത്. എന്നാൽ, ഇവിടുന്നുള്ള പണം വിദേശത്തേക്ക് പോയതിൽ ചട്ടലംഘനമുണ്ടോ എന്ന് ഇ.ഡി. കൃത്യമായി പരിശോധിക്കും. ഇതിൽ വ്യക്തത വരുന്ന മുറയ്ക്ക് ഫെമ നിയമപ്രകാരം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.

വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ റിപ്പോർട്ട് ഇഡി ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണ വിവരങ്ങളും ഇഡി ശേഖരിക്കുന്നുണ്ട്. വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങൾ ആദായനികുതി വകുപ്പിന്റെ പരിധിയിൽ വരുന്നതാണെങ്കിലും ആ വശവും ഇഡിയുടെ പരിഗണനയിലുണ്ട്.

error: Content is protected !!