ബെംഗളൂരുവിൽ കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറ്: സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം

ബെംഗളൂരുവിൽ നിന്ന് കാസർഗോഡേയ്ക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ കർണാടകയിൽവെച്ച് അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവം അന്വേഷിക്കാൻ നിർദേശം നൽകി ഗതാഗത മന്ത്രി സി പി ജോൺ. സമഗ്രാന്വേഷണത്തിനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കും. സംഭവത്തിന് പിന്നിൽ അട്ടിമറിയെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതോടെയാണ് കെഎസ് ആര്‍ടിസി ബിഡദി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. അന്വേഷണം ആവശ്യപ്പെട്ട് കർണാടക ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തിയതെന്ന സംശയത്തെ തുടർന്നാണ് അട്ടിമറി സാധ്യത പരിശോധിക്കാൻ ഗതാഗത മന്ത്രി നിർദേശം നൽകിയത്. ഇന്നലെ രാത്രി 9 മണിയോടെ കർണാടകയിലെ ബിഡദി എന്ന സ്ഥലത്തുവെച്ചായിരുന്നു കെഎസ്ആർടിസി ബസിന് നേരെ ആക്രമണം ഉണ്ടായത്. ഈ സ്ഥലത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആയിരുന്നു കഴിഞ്ഞ എട്ടാം തീയതി കെഎസ്ആർടിസി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിക്കുകയും യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നത്.

