KSDLIVENEWS

Real news for everyone

ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന: ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം

SHARE THIS ON

ബീജിംഗ്: ഇറാനെതിരായ ഡോണൾഡ് ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന. ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സാമ്പത്തികമായി ഇറാനെ വരിഞ്ഞു മുറുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന, ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങളും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സാമ്പത്തിക യുദ്ധത്തിൽ ഒപ്പം നിൽക്കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.

ട്രംപിന്‍റെ ഭീഷണി
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ധാരണയിൽ എത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്‍റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

ഇറാന്‍റെ മറുപടി
നിലവിലെ സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോൽക്കുമെന്ന് ഇറാൻ പറഞ്ഞു. അമേരിക്കയുടെ കുതിച്ചുയർന്ന കടത്തിൽ നിന്നും പലിശ നിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എസിന്‍റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്സിൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!