ഹോർമുസ് ഇപ്പോൾ US-ന്റെ കൈയിൽ, പേര് ട്രംപ് കടലിടുക്ക് എന്നാക്കിയാലോ’; പേരുമാറ്റം നിർദേശിച്ച് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ പേര് മാറ്റി സ്വന്തം പേരു നൽകാനുള്ള നിർദേശവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള സംഘർഷത്തിനിടയിൽ മുൻപ് ഹോർമുസ് കടലിടുക്കിനെ ‘പുതിയ യുഎസ് ടെറിട്ടറി’ എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ്, ഇപ്പോൾ ഈ ജലപാതയ്ക്ക് ‘ട്രംപ് കടലിടുക്ക്’ (Trump Strait) എന്ന് പുനർനാമകരണം ചെയ്താലോ എന്ന് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ചോദിച്ചു.
ഹോർമുസ് നിലവിൽ യു.എസിന്റെ പൂർണ നിയന്ത്രണത്തിലാണെന്നും അതിനാൽ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റിയാൽ യു.എസിനെപ്പോലെത്തന്നെ ഇത് എക്കാലത്തേക്കാളും തരംഗമായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ ഹോർമുസ് കടലിടുക്കിന്റെ ചിത്രത്തിൽ ‘പുതിയ യു.എസ്. ടെറിട്ടറി’ എന്ന ബാനർ പതിച്ച മാപ്പ് ട്രംപ് പങ്കുവെച്ചിരുന്നു. ഇത് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഇപ്പോൾ സ്വന്തം പേരുതന്നെ നൽകാനുള്ള നീക്കം നടത്തിയത്.
നേരത്തേ യു.എസും കാനഡയും പങ്കിടുന്ന ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക് അമേരിക്ക’ എന്ന് മാറ്റി ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കിയിരുന്നു. യു.എസ്. ഭൂപടങ്ങളിലും രേഖകളിലും ഈ പേര് മാറ്റാൻ നിർദേശം നൽകിയെങ്കിലും, കാനഡയോ അന്താരാഷ്ട്ര സമൂഹമോ ഇത് അംഗീകരിക്കാൻ ബാധ്യസ്ഥരല്ല. കാനഡ ഈ പേരുമാറ്റം തള്ളിക്കളഞ്ഞു. എങ്കിലും, ഗൂഗിളും ആപ്പിളും യു.എസ്. ഉപയോക്താക്കൾക്കായി മാപ്പുകളിൽ പേര് മാറ്റിയപ്പോൾ കാനഡക്കാർക്ക് പഴയ പേരുതന്നെയാണ് കാണിക്കുന്നത്. ഇതിനു മുൻപ് മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റി അമേരിക്ക ഉൾക്കടൽ എന്നും ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാൽ അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ഇപ്പോഴും പരമ്പരാഗത പേരുതന്നെയാണ് ഉപയോഗിക്കുന്നത്.

