KSDLIVENEWS

Real news for everyone

ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ

SHARE THIS ON

ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തില്‍ പൈലറ്റിനെതിരെ നടപടി സ്വീകരിച്ച്‌ എയര്‍ ഇന്ത്യ.

ലഹരി ഉപയോഗിച്ചിരുന്നു എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൈലറ്റ് സുദീപ് വശിഷ്ഠയെ കമ്പനി പുറത്താക്കി. A12379 എന്ന വിമാനമായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഒഡീഷയില്‍വെച്ച്‌ അപകടത്തില്‍പ്പെട്ടത്. ക്യാമ്പിന്‍ ക്രൂ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേറ്റിരുന്നു. വിമാനത്തില്‍ 137 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിനും ഉത്തരവാദിത്വം കണക്കിലെടുത്താണ് നടപടി ആവശ്യപ്പെട്ടത്. പൈലറ്റിന്റെ പ്രാഥമിക ലഹരി പരിശോധന ഫലം നോണ്‍ – നെഗറ്റീവ് ആയതിനെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ വിശദമായ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് പൈലറ്റ് ലഹരി ഉപയോഗിച്ചതായി വ്യക്തമായത്. അതേസമയം സഹ പൈലറ്റിന്റെ ഫലം നെഗറ്റീവായിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റനെതിരെ ക്യാമ്പിന്‍ ക്രൂവും പരാതി നല്‍കിയിരുന്നു.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങള്‍ക്കുണ്ടായ തകരാറാണ് പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാങ്കേതിക തകരാറും പൈലറ്റിന്റെ ലഹരി ഉപയോഗവും ഒരേസമയത്ത് വന്നതോടെ വിമാനം വലിയൊരു ദുരന്തത്തിന്റെ അടുത്തെത്തിയിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാ പൈലറ്റുമാര്‍ക്കും എയര്‍ ഇന്ത്യ ലഹരി പരിശോധന കര്‍ശനമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!