KSDLIVENEWS

Real news for everyone

അസമിൽ വീണ്ടും ബുൾഡോസർ രാജ്; 73 മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ തകർത്തു

SHARE THIS ON

ഗുവാഹതി: അസമിലെ ഗോൽപാറയിൽ 73 മുസ്‌ലിം കുടുംബങ്ങളെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. കൃഷിഭൂമിയും നീർത്തടങ്ങളും അനധികൃതമായി നികത്തി വീട് നിർമ്മിച്ചുവെന്നാരോപിച്ചാണ് നടപടി. മതിയായ മുൻകൂർ നോട്ടീസോ വാദം കേൾക്കാനുള്ള അവസരമോ നൽകാതെയാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി ഗുവാഹതി ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതോടെ സംഭവം ദേശീയതലത്തിൽ തന്നെ വീണ്ടും ചർച്ചയായിരിക്കുകയാണ്. തങ്ങളുടെ പക്കൽ നിയമപരമായ പാട്ട രേഖകളുണ്ടെന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ വ്യക്തമാക്കുമ്പോൾ, കൃഷിഭൂമി തരംമാറ്റാതെ നിർമാണം നടത്തിയതിനാലാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വാദം.

ഗോൽപാറ ജില്ലയിലെ മാറ്റിയ റവന്യൂ സർക്കിളിന് കീഴിലുള്ള കൃഷ്ണായ് മേഖലയിലാണ് സംഭവം. ഖരീജ പായ്കാൻ, ഖമാർ മണിക്പുർ, ഭോജ്മല പാർട്ട്-2, ജത്ശർബാദി, തെംഗാബാരി എന്നീ അഞ്ച് റവന്യൂ വില്ലേജുകളിലാണ് ജില്ലാ ഭരണകൂടം ഒഴിപ്പിക്കൽ നടപടി നടത്തിയത്. സെപ്റ്റംബർ ആദ്യവാരത്തിൽ കനത്ത പൊലീസ് സന്നാഹത്തോടെ എക്‌സവേറ്ററുകളും ജെസിബികളും ബുൾഡോസറുകളും എത്തിച്ചാണ് 73 വീടുകൾ പൂർണമായി തകർത്തത്. കൃഷിഭൂമിയും നീർത്തടങ്ങളും സംരക്ഷിക്കാനാണ് ഈ നടപടിയെന്നാണ് ഗോൽപാറ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ പ്രദീപ് തിമുങ് വ്യക്തമാക്കിയത്.

താമസക്കാർ ഭൂമി വിലയ്ക്ക് വാങ്ങിയതാണെങ്കിലും, കൃഷി ആവശ്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഭൂമി റസിഡൻഷ്യൽ ആവശ്യങ്ങൾക്കായി തരംമാറ്റാൻ ആവശ്യമായ ഔദ്യോഗിക അനുമതി വാങ്ങിയിരുന്നില്ലെന്നാണ് സർക്കാർ വാദം. പ്രദേശത്തെ തണ്ണീർത്തടങ്ങളും ചതുപ്പുനിലങ്ങളും അനധികൃതമായി നികത്തി നിർമാണം നടത്തിയത് പ്രകൃതിദത്ത നീരൊഴുക്കിനെ തടസപ്പെടുത്തിയെന്നും, സമീപത്തെ ഹസില ബീൽ, ഉർപദ് ബീൽ തുടങ്ങിയ വലിയ തടാകങ്ങളിലേക്കുള്ള വെള്ളമൊഴുക്കിനെ ബാധിച്ചുവെന്നും അധികൃതർ പറയുന്നു. നടപടിക്ക് പിന്നിൽ യാതൊരു വർഗീയ ലക്ഷ്യങ്ങളുമില്ലെന്നും, ഭൂമി സംരക്ഷൺ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും തുടർനടപടിയും ഉണ്ടായതെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ഇത് സർക്കാർ ഭൂമിയോ കയ്യേറ്റ ഭൂമിയോ അല്ലെന്നും പണം നൽകി വാങ്ങിയ സ്വന്തം പാട്ട ഭൂമിയാണെന്നുമാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ രേഖകൾ സഹിതം വ്യക്തമാക്കുന്നത്. 2017-ൽ ബാർപേട്ട ജില്ലയിൽ ബ്രഹ്മപുത്ര നദിയിലെ രൂക്ഷമായ മണ്ണൊഴുക്കിലും വെള്ളപ്പൊക്കത്തിലും സർവതും നഷ്ടപ്പെട്ടതിനെ തുടർന്നാണ് തങ്ങൾ ഗോൽപാറയിലേക്ക് മാറി ഭൂമി വാങ്ങി താമസമാക്കിയതെന്ന് പല കുടുംബങ്ങളും പറയുന്നു. ഒഴിഞ്ഞുപോകാൻ വെറും 24 മണിക്കൂർ മാത്രമാണ് സമയം നൽകിയതെന്നും, വീട്ടുസാധനങ്ങളും മറ്റും മാറ്റാൻ പോലും അവസരം ലഭിച്ചില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. വയോധികരും കൊച്ചുകുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ ഇതോടെ തെരുവിലായിരിക്കുകയാണ്. പുനരധിവാസത്തിന് യാതൊരു ബദൽ സംവിധാനങ്ങളും ഒരുക്കാതെയാണ് അധികൃതർ എത്തിയതെന്നും മനുഷ്യാവകാശ സംഘടനകളും പ്രാദേശിക സംഘടനകളും കുറ്റപ്പെടുത്തി.

ഭൂവുടമകളായ 21 പേർ നൽകിയ ഹരജി പരിഗണിച്ച ഗുവാഹത്തി ഹൈക്കോടതി ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള നടപടിയെ രൂക്ഷമായി വിമർശിച്ചു. വ്യക്തികളുടെ സ്വന്തം പാ ഭൂമിയിലെ വീടുകൾ പൊളിച്ചുനീക്കാൻ എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നെന്ന് ജസ്റ്റിസ് ദേവാശിഷ് ബറുവ ചോദിച്ചു. സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം), ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ ലംഘനമാണിതെന്നും കോടതി നിരീക്ഷിച്ചു. സ്വന്തം ആവശ്യത്തിന് വീടുവെക്കാൻ ഒരു ബിഗയിൽ താഴെയുള്ള ഭൂമിക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന വ്യവസ്ഥകൾ നിലനിൽക്കെ, സ്വകാര്യ ഭൂമിയിൽ ഇത്തരത്തിൽ ബുൾഡോസർ നടപടി സ്വീകരിച്ചത് പ്രാഥമികമായി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. തുടർനടപടികൾ സ്റ്റേ ചെയ്ത കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അസമിൽ സർക്കാർ, വനം, തണ്ണീർത്തട ഭൂമികൾ കയ്യേറ്റം മുക്തമാക്കാനെന്ന പേരിൽ വ്യാപകമായ കുടിയൊഴിപ്പിക്കൽ നടത്തുകയാണ്. പരിസ്ഥിതി സംരക്ഷണവും അനധികൃത കയ്യേറ്റങ്ങൾ തടയലുമാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, ഇത്തരം നടപടികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബംഗാളി വംശജരായ മുസ്‌ലിം ന്യൂനപക്ഷങ്ങളെയാണെന്ന ആരോപണം ശക്തമാണ്. നദീതീരങ്ങളിലെ മണ്ണൊലിപ്പ് കാരണം സർവതും നഷ്ടപ്പെട്ട് പലായനം ചെയ്ത സാധാരണക്കാരായ മനുഷ്യർ കൃത്യമായ പുനരധിവാസമോ നഷ്ടപരിഹാരമോ ലഭിക്കാതെ വീണ്ടും ഭവനരഹിതരാക്കപ്പെടുന്ന സാഹചര്യം അസമിലെ ഭരണ-രാഷ്ട്രീയ-മനുഷ്യാവകാശ മേഖലകളിൽ വലിയ ചർച്ചാവിഷയമായി തുടരുകയാണ്.

നിയമപരമായ രേഖകളും ഭൂമിയുടെ മേലുള്ള അവകാശങ്ങളും നിലനിൽക്കെത്തന്നെ, സ്വാഭാവിക നീതി നിഷേധിച്ച് നടത്തുന്ന ഇത്തരം നടപടികൾ സാധാരണക്കാരുടെ ജീവിതത്തെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് തള്ളിവിടുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കോടതിയുടെ അന്തിമ ഉത്തരവും സർക്കാരിന്റെ വിശദീകരണവും ഈ വിഷയത്തിൽ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!