അഞ്ചുനേരവും പള്ളിയിലെത്തും, ആളൊഴിഞ്ഞാൽ ബാറ്ററിയുമായി മുങ്ങും, ആർഭാടജീവിതം; ഒടുവിൽ പിടിയിൽ

മുക്കം: നിസ്കരിക്കാനെന്ന വ്യാജേന അഞ്ചുനേരവും പള്ളികളിൽ മാറിമാറിയെത്തും, ആളൊഴിത്താൽ അവിടത്തെ ഇൻവെർട്ടർ ബാറ്ററികൾ അഴിച്ചെടുത്ത് മുങ്ങും. മോഷ്ടിച്ച ബാറ്ററികൾ വിൽപ്പന നടത്തി ആർഭാടജീവിതം നയിക്കുന്ന മോഷ്ടാവ് ഒടുവിൽ പിടിയിലായി. മുക്കം തോട്ടത്തിൻകടവ് സ്വദേശി അബ്ദുൽ ജലീലാണ് (42) മുക്കം പോലീസിന്റെ പിടിയിലായത്.
വ്യാജനമ്പർ പതിപ്പിച്ച ബൈക്കിൽ, നിസ്കരിക്കാനെന്ന വ്യാജേനയാണ് ഇയാൾ പള്ളികളിൽ എത്തിയിരുന്നത്. ആളൊഴിയുന്ന സമയം കൃത്യമായി കണ്ടെത്തിയാണ് മസ്ജിദുകളിൽ കയറി ഇൻവെർട്ടർ ബാറ്ററികൾ കടത്തിയിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ബാറ്ററി മോഷണം.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇയാൾ മലയമ്മ ടൗൺ ജുമാമസ്ജിദിൽനിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചിരുന്നു. സംശയംതോന്നിയ നാട്ടുകാർ, പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
നാട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ, മോഷ്ടാവിന്റെ താവളം ചാത്തമംഗലം പെരിങ്ങൊളത്തെ ഒരു കടമുറിയാണെന്ന് കണ്ടെത്തുകയും മുക്കം പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി റൂം തുറന്ന് പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് മുക്കം ഇൻസ്പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽവെച്ച് മോഷ്ടിച്ച ബാറ്ററിയുമായി പ്രതിയെ പിടികൂടുകയായിരുന്നു.
മലയമ്മയിലെ നാട്ടുകാരുടെ മാതൃകാപരമായ ഇടപെടലാണ് മാസങ്ങളായി മലയോരമേഖലയെ വലച്ച മോഷ്ടാവിനെ കുടുക്കിയത്.
ചോദ്യംചെയ്യലിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒട്ടേറെ പള്ളികളിൽ മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ ഇയാൾ ഈ രീതിയിൽ വ്യാപകമായി മോഷണം നടത്തിയതായി മുക്കം പോലീസ് പറഞ്ഞു. മുക്കം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, നഹാസ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

