KSDLIVENEWS

Real news for everyone

സ്ത്രീകൾ അടച്ചുപൂട്ടി ഇരിക്കേണ്ടവരാണെന്ന് ഞാൻ പറഞ്ഞു എന്ന് പ്രചരിപ്പിച്ചാൽ ആരെങ്കിലും വിശ്വസിക്കുമോ?; കാന്തപുരം

SHARE THIS ON

തിരൂരങ്ങാടി: ഇസ്‌ലാമിക വിഷയങ്ങളിൽ ചില ചാനലുകൾ ഫിത്നകൾ സൃഷ്ടിക്കുകയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി (Islamic Scholar) കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എല്ലാ ചാനലുകളും ഇല്ല, ചില ചാനലുകൾ എന്ന് തന്നെ ഞാൻ പറയുന്നു. സ്ത്രീകൾ അടച്ചുപൂട്ടിയിരിക്കേണ്ടവരാണെന്ന് ഞാൻ പറഞ്ഞു എന്നാണ് അവർ പ്രചരിപ്പിക്കുന്നത്. ആരെങ്കിലും അത് വിശ്വസിക്കുമോ? ഞാൻ നടത്തുന്ന മർകസ് (Markaz Institutions) സ്ഥാപനങ്ങളിൽ മാത്രം 5000 ലധികം പെൺകുട്ടികൾ പഠിക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ഥാപനങ്ങൾ മർകസിന് കീഴിൽ ഉണ്ടെന്നും കാന്തപുരം പറഞ്ഞു. പുതുക്കിപ്പണിത പടിക്കൽ മഹല്ല് ജുമുഅ മസ്ജിദ് ഉദ്ഘാടന ശേഷം നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുനർനിർമിച്ച പടിക്കൽ ജുമുഅ മസ്ജിദ് ഉദ്ഘാടന ചടങ്ങിൽ ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷ പ്രസംഗം നടത്തുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ സമീപം

സ്ത്രീകളെ അടച്ചുപൂട്ടി ഇടണമെന്ന് ഞാനോ, ഖലീൽ തങ്ങളോ, ജിഫ്രി മുത്തുക്കോയ തങ്ങളോ പറഞ്ഞിട്ടില്ല. ഒരു പണ്ഡിതനും അങ്ങനെ പറയുന്നില്ല. പക്ഷേ സ്ത്രീകൾ ചില മര്യാദകളും അച്ചടക്കത്തോടെയും ജീവിക്കണം. അത് ഇസ്‌ലാമിന്റെ കൽപനയാണ്. ഖുർആൻ പറയുന്നതാണ്. ഇസ്‌ലാം അത് വിശദമായി പഠിപ്പിച്ചതാണ്. എന്നാൽ ഇന്ന് ഇതിന് എതിരായി ചിലയിടങ്ങളിൽ കണ്ടുവരുന്നു. ഇസ്‍ലാം വിരോധിച്ച രീതിയിലുള്ള സ്ത്രീ പുരുഷ ഇടപെടൽ കാണുമ്പോൾ പണ്ഡിതൻമാർ അത് പറയും. അത് സ്ത്രീവിരുദ്ധമായി ചിത്രീകരിക്കുകയാണ് ചിലരെന്നും കാന്തപുരം വ്യക്തമാക്കി.

പൂർവികരായ പണ്ഡിതൻമാരെ അംഗീകരിച്ച് അഹ്‍ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ സരണിയിൽ എല്ലാവരും ജീവിക്കാൻ തയ്യാറാകണം. മതങ്ങൾ തമ്മിൽ ഐക്യം വേണം. മറ്റു മതസ്ഥരുമായി എതിർപ്പ് ഉണ്ടാകരുത്. ഓരോ മതക്കാരും അവരവരുടെ നിയമമനുസരിച്ച് ജീവിക്കണം. കുഴപ്പങ്ങൾ ഉണ്ടാകരുതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!