KSDLIVENEWS

Real news for everyone

ബൈക്ക് റൈ‍ഡറായ യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ സംഭവം: പ്രതി അറസ്റ്റിൽ; വധശ്രമക്കുറ്റം ചുമത്തി പൊലീസ്

SHARE THIS ON

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാറോടിച്ചിരുന്ന കല്യാൺ ബൈൻസ്‌ല എന്ന യുവാവിനെയാണ് രാജസ്ഥാനിലെ ദൗസയിൽനിന്ന് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ലവ്നിഷ് ഗുർജാറും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്. ഞായറാഴ്ചയാണ് ബൈക്ക് റൈഡറും കണ്ടന്റ് ക്രിയേറ്ററുമായ സന എന്ന യുവതിയെ കല്യാണും ലവ്‌നിഷും കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും പിന്നീട് ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തുകയും ചെയ്തത്. ബൈക്കിന്റെ ആക്‌ഷൻ ക്യാമറയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങൾ സന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെ സംഭവം വൻ വിവാദമായിരുന്നു.

കല്യാണിനെതിരെ വധശ്രമക്കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. പരാതിയിൽനിന്ന് പിന്നോട്ടുപോകാനില്ലെന്നും കല്യാണിന് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നും ആക്രമണത്തിനിരയായ സിയ എൻഡിടിവിയോടു പ്രതികരിച്ചു. ‘ഒരു സ്ത്രീയെ ഇടിച്ചിട്ടശേഷം ഓടിപ്പോയാൽ തനിക്കൊന്നും സംഭവിക്കില്ലെന്നാണ് അയാൾ കരുതുന്നത്. ഇത് ഉറപ്പായും ഒരു കൊലപാതകശ്രമമാണ്.’–സിയ പറഞ്ഞു. 

റൈഡർ സംഘത്തിനൊപ്പം സിയ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലൂടെ പോകുമ്പോഴാണ് കാറിലെത്തിയ കല്യാണും ലവ്നിഷും ഇവരെ പിന്തുടർന്ന്. ആക്രോശിച്ചുകൊണ്ട് ബൈക്കിനെ പിന്തുടർന്ന ഇവരെക്കണ്ട് വാഹനത്തിൽനിന്ന് അകലം പാലിക്കാൻ സിയ ആവശ്യപ്പെട്ടു. പിന്നീട്, സിയ തന്നെ കാറിൽനിന്ന് പരമാവധി അകലം പാലിച്ച് ബൈക്കോടിച്ചെങ്കിലും ബൈക്ക് നിർത്താനാവശ്യപ്പെട്ട് കല്യാണും സുഹൃത്തും പിന്നാലെയെത്തി അസഭ്യം പറയുകയായിരുന്നു. ശേഷം വേഗത്തിൽ കാറോടിച്ചെത്തി ഇവർ സിയയുടെ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സിയ ബൈക്കിൽനിന്ന് തെറിച്ച് റോഡിൽ വീണു. ബൈക്കിനെ കാർ അൽപദൂരം റോഡിൽ വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്തു. ഇതെല്ലാം ബൈക്കിന്റെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞിരുന്നു.

പ്രതിയായ കല്യാൺ ബൈൻസ്‌ലയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ, ‘രാജ്യാന്തര കബഡി താരം’, ‘ഇന്ത്യൻ റഗ്ബി ടീമി’ലെ അംഗം എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ, അമച്വർ ഒളിമ്പിയ ഇന്ത്യ ബോഡിബിൽഡിങ് മത്സരത്തിലെ വിജയിയാണെന്നും അവകാശപ്പെടുന്നു.

error: Content is protected !!