സ്പാ, മസാജ് പാർലറുകളിൽ വിദേശികൾ ജോലി ചെയ്യുന്നത് രേഖകളില്ലാതെ; കണ്ടെത്താൻ പരിശോധന ഊർജിതം

കണ്ണൂർ: ജില്ലയിലെ സ്പാ, മസാജ് പാർലറുകളിൽ പാസ്പോർട്ടും വീസയുമില്ലാതെ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ പൊലീസ് പരിശോധന ഊർജിതമാക്കി. ജോലിക്കാരുടെ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കാൻ ഉടമകൾക്ക് പൊലീസ് നിർദേശം നൽകി. നഗരത്തിലെ സ്പാകളിൽനിന്ന് 5 ബംഗ്ലദേശ് യുവതികളെ പാസ്പോർട്ടും വീസയുമില്ലാതെ പിടികൂടിയതിനെ തുടർന്നാണ് നടപടി. ഇതര സംസ്ഥാനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളുടെ ഉടമകളോടും ഇവരുടെ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കാനും നിർദേശം നൽകും.
പിടിയിലായ ബംഗ്ലദേശ് സ്വദേശികളായ നസ്മ അക്തർ, തസ്‍ലിമ ഖാത്തൂൺ, മോയ്ന ഖാത്തൂൺ, നസ്റിൻ, സലീന ഖാൻ എന്നിവർ റിമാൻഡിലാണ്. ഇവർ പൊലീസിനു നൽകിയ മൊഴിയിലാണ് കൂടുതൽപേർ ജില്ലയിൽ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞത്. തുടർന്നാണ് എല്ലാ ജോലിക്കാരുടെയും തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടത്. ബംഗ്ലദേശിൽനിന്ന് അതിർത്തി വഴി കൊൽക്കത്തയിലെത്തി വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയാണ് ഇവർ ജോലിക്കെത്തുന്നത്.
വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കാൻ പ്രത്യേക ഏജൻസികളുണ്ടെന്ന് അറസ്റ്റിലായവർ പൊലീസിനു മൊഴി നൽകി. സലീന ഖാൻ നൽകിയ വിവരത്തെ തുടർന്നാണ് മറ്റു നാലുപേരെയും പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് ഇത്തരക്കാരെ കണ്ണൂരിൽ ജോലിക്കെത്തിക്കുന്നത്. ഇവരെ കൊണ്ടുവരാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളും ഇവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളാണ് സിറ്റി പൊലീസ് കമ്മിഷണർക്കു രഹസ്യ വിവരം നൽകിയത്.
അറസ്റ്റിലായത് 5 പേർ
പാസ്പോർട്ടും വീസയുമില്ലാതെയെത്തി കണ്ണൂരിലെ സ്പായിൽ ജോലി ചെയ്തിരുന്ന 5 യുവതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ പൊലീസിനു നൽകിയ മൊഴിയിലാണ് കൂടുതൽപേർ ജില്ലയിൽ ജോലി ചെയ്യുന്ന വിവരം പൊലീസിനു ലഭിച്ചത്. ബംഗ്ലദേശ് സ്വദേശികളായ നസ്മ അക്തർ, തസ്‍ലിമ ഖാത്തൂൺ, മോയ്ന ഖാത്തൂൺ, നസ്റിൻ, സലീന ഖാൻ എന്നിവരെയാണു രണ്ടുദിവസത്തെ റെയ്ഡിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലദേശിൽനിന്ന് കൊൽക്കത്ത അതിർത്തി വഴി ഇന്ത്യയിലെത്തി വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയാണ് ഇവർ ജോലിക്കെത്തുന്നത്. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കാൻ പ്രത്യേക ഏജൻസികളുണ്ടെന്ന് അറസ്റ്റിലായ സലീന ഖാൻ ടൗൺ പൊലീസിനു മൊഴി നൽകി. സലീന ഖാൻ നൽകിയ വിവരത്തെത്തുടർന്നാണ് മറ്റു നാലുപേരെ പൊലീസ് പിടികൂടിയത്.
ബെംഗളൂരുവിൽനിന്നാണ് സലീന ഖാൻ കണ്ണൂരിലെ സ്പായിലെത്തിയത്. ബെംഗളൂരുവിൽനിന്ന് ഇത്തരക്കാരെ ജോലിക്കെത്തിക്കാനും പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളും ഇവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളാണു സിറ്റി പൊലീസ് കമ്മിഷണർക്കു രഹസ്യവിവരം നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണു സ്പാ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്. മതിയായ യോഗ്യതകളില്ലാതെയാണ് ഇവരിൽ പലരും ജോലി ചെയ്യുന്നതെന്നും പൊലീസ് കണ്ടെത്തി. കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു. ടൗൺ സ്റ്റേഷനിലെ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ്ഐ ടി.കെ.അഖിൽ, സിപിഒ മാരായ സനൂപ്, വിജിന, ബാലാമണി എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.

