KSDLIVENEWS

Real news for everyone

ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും; അനധികൃത മദ്യ കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി

SHARE THIS ON

സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസിലാണ് കഴിഞ്ഞദിവസം ആന്റോ അഗസ്റ്റിനെ എക്‌സൈസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തതിനെ തുടർന്ന് മാനന്തവാടി ജില്ലാ ജയിലിൽ കഴിയുകയാണ് ആന്റോ. 

അർജന്റീന ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ വീട്ടിൽ പരിശോധന നടത്തവെയാണ് ബുധനാഴ്ച്ച വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം പോലീസ് കണ്ടെത്തിയത്. 43 ലിറ്റർ വിദേശ മദ്യം, 4.824 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. പോലീസ് അറിയിച്ചതിനെ തുടർന്നാണ് എക്സൈസ് കേസെടുക്കുകയും കൊച്ചിയിലെ റിപ്പോർട്ടർ ടി.വിയുടെ ഓഫീസിലെത്തി ആന്റോയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തത്. അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ചു, വിൽപ്പനയ്ക്കായി സൂക്ഷിച്ചു, വ്യാജമദ്യമായി കണക്കാക്കാവുന്ന വസ്തു വീട്ടിൽ സൂക്ഷിച്ചു എന്നീ കുറ്റങ്ങളിലാണ് കേസ്. 

കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങാനിയിൽ വീട്ടിൽനിന്നാണ് പോലീസ് മദ്യം കണ്ടെത്തിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്‌സൈസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. എക്‌സൈസ് ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരടങ്ങുന്നവരടങ്ങുന്ന സംഘം കഴിഞ്ഞദിവസം വൈകുന്നേരം നാലരവരെ ആന്റോയെ ചോദ്യംചെയ്തിരുന്നു. ശേഷം രാത്രിയോടെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.

ഇത്രയധികം മദ്യശേഖരം എങ്ങനെ വീട്ടിലേക്ക് എത്തി എന്ന കാര്യത്തിലായിരുന്നു ചോദ്യംചെയ്യൽ. എന്നാൽ,  തനിക്കറിയില്ലെന്നും താൻ മദ്യം കഴിക്കില്ലെന്നുമായിരുന്നു ചോദ്യങ്ങൾക്ക് ആന്റോ നൽകിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!