KSDLIVENEWS

Real news for everyone

കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക്: കർശന നടപടികളിലേക്ക് നഗരസഭ; അനധികൃത വഴിയോരക്കച്ചവടം തടയും

SHARE THIS ON

കാസർകോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും അനധികൃത വഴിയോരക്കച്ചവടം തടയുന്നതിനുമായി കാസർകോട് നഗരസഭ കർശന നടപടികളിലേക്ക്. വഴിയോരക്കച്ചവട സമിതി അംഗങ്ങളുടെയും അംഗീകൃത കച്ചവടക്കാരുടെയും പ്രത്യേക യോഗത്തിലാണ് സുപ്രധാന തീരുമാനം. അംഗീകൃത കച്ചവടക്കാർ അനുവദനീയമായ അളവിൽ കൂടുതൽ സ്ഥലം കയ്യേറി കച്ചവടം ചെയ്യാൻ പാടില്ല. അധികസ്ഥലം ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അനുമതി ലഭിച്ച വ്യക്തികൾമാത്രം കച്ചവടം നടത്തണം.

മേൽവാടകയ്ക്കോ മറ്റുള്ളവർക്കോ ബങ്കുകളോ കച്ചവടമോ മറിച്ചുനൽകാൻ അനുവദിക്കില്ല. ലംഘിക്കുന്നവരുടെ അനുമതി റദ്ദാക്കും. ബസ് സ്റ്റാൻഡിൽ അനുവദിച്ച ബങ്കുകളിൽ കച്ചവടം ആരംഭിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. സഹകരിക്കാത്ത കച്ചവടക്കാരിൽനിന്നു പിഴയീടാക്കൽ, നഗരസഭയുടെ അംഗീകൃത പട്ടികയിൽനിന്ന് ഒഴിവാക്കൽ, ഐഡി കാർഡ് റദ്ദാക്കൽ തുടങ്ങിയ ശിക്ഷാ നടപടികൾ നടപ്പാക്കും. ജനങ്ങൾക്കും വാഹനങ്ങൾക്കും ഗതാഗതതടസ്സം സൃഷ്ടിക്കുന്ന കച്ചവടങ്ങൾ പൂർണമായി നീക്കംചെയ്യും. പ്ലാസ്റ്റിക് നിരോധിത ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും പരിശോധന നടത്താനും തീരുമാനിച്ചു.

നഗരസഭാ വൈസ് ചെയർമാൻ കെ.എം.ഹനീഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി പി.ബി.ഷാജു അധ്യക്ഷത വഹിച്ചു. ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടർ സുധാകരൻ, കെ.മധു, ക്ലീൻ സിറ്റി മാനേജർ എം.വി.മധുസൂദനൻ, അംഗങ്ങളായ ഫിറോസ് അടുക്കത്ത് ബയൽ, ബിനീഷ് ജേയി, ദേവയാനി, സുനിൽ കുമാർ, അഷ്‌റഫ് എടനീർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!