ചോക്ലേറ്റ് പെട്ടിയിലൊളിപ്പിച്ച സർപ്രൈസ്! ജീവനക്കാർക്ക് പുത്തൻ ഐഫോൺ നൽകി ഞെട്ടിച്ച് പ്രവാസി മലയാളി ദമ്പതികളായ നിഷാദ് ഹുസൈനും ഹസീന നിഷാദും

കോർപറേറ്റ് ലോകത്ത് ടാർഗറ്റുകളുടെയും ഡെഡ്ലൈനുകളുടെയും സമ്മർദങ്ങൾക്കിടയിൽ ജീവിക്കുന്ന ജീവനക്കാർക്ക് മാനേജ്മെന്റിൽ നിന്ന് ലഭിക്കുന്ന ചെറിയൊരു അംഗീകാരം പോലും നൽകുന്ന ഊർജം ചെറുതല്ല. എന്നാൽ ചോക്ലേറ്റ് ലഭിച്ചെന്ന് കരുതി നിരാശപ്പെട്ട ജീവനക്കാരുടെ കയ്യിലേക്ക് പുതിയ ഐഫോണുകൾ വച്ചുകൊടുത്ത് ഒരു യുഎഇ കമ്പനി ഉടമ നൽകിയത് കേവലം ഒരു സമ്മാനം ആയിരുന്നില്ല, തങ്ങളുടെ വിജയത്തിനു പിന്നിൽ അധ്വാനിച്ച ജീവനക്കാർക്കുള്ള ആദരവായിരുന്നു. പ്രവാസി മലയാളികളായ നിഷാദ് ഹുസൈനും ഹസീന നിഷാദും ചേർന്ന് ഒരുക്കിയ ആ അപ്രതീക്ഷിത സർപ്രൈസിന്റെ വിഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ കോടിക്കണക്കിന് ആളുകളുടെ മനം കവരുകയാണ്.
∙ ചോക്ലേറ്റിൽ തുടങ്ങി ഐഫോണിൽ അവസാനിച്ച നാടകം
കമ്പനിയിലെ ജീവനക്കാരെ ഒരു മുറിയിൽ വിളിച്ചുകൂട്ടി, മേശപ്പുറത്ത് മനോഹരമായി പൊതിഞ്ഞു വച്ചിരിക്കുന്ന സമ്മാനപ്പെട്ടികൾ കാണിക്കുന്നിടത്താണ് വൈറൽ വിഡിയോ ആരംഭിക്കുന്നത്. കമ്പനി ഉടമയായ നിഷാദ് ഹുസൈൻ ജീവനക്കാരോട് തങ്ങൾക്ക് ഇഷ്ടമുള്ള പെട്ടികൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. എല്ലാവരും കൗതുകത്തോടെയും ആവേശത്തോടെയും പെട്ടികൾ ഓരോന്നായി തുറക്കാൻ തുടങ്ങി.
ചിലർക്ക് ബോക്സ് തുറന്നപ്പോൾ ലഭിച്ചത് ഏറ്റവും പുതിയ ആപ്പിൾ ഐഫോണുകളായിരുന്നു. എന്നാൽ മറ്റു ചിലരുടെ പെട്ടിയിലാകട്ടെ, വെറുമൊരു ചോക്ലേറ്റ് ബാർ മാത്രം! ചോക്ലേറ്റ് ലഭിച്ചവർ മുഖത്ത് ചെറിയൊരു നിരാശ മറച്ചുവച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. പിന്നീടാണ് സർപ്രൈസ് വരുന്നത്.
തമാശയുടെയും കൗതുകത്തിന്റെയും നിമിഷങ്ങൾക്ക് ശേഷം, മറ്റൊരു ജീവനക്കാരൻ രംഗത്തെത്തുകയും ആദ്യ ഘട്ടത്തിൽ ചോക്ലേറ്റ് മാത്രം ലഭിച്ച എല്ലാവർക്കും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഓരോ പുതിയ ഐഫോണുകൾ വീതം സമ്മാനിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് ആ മുറിയിലെ അന്തരീക്ഷം സന്തോഷത്താൽ മുഖരിതമായി. വിവേചനങ്ങളില്ലാതെ, തങ്ങളുടെ ഓരോ ജീവനക്കാരനെയും ഒരുപോലെ കാണുന്നു എന്ന വലിയ സന്ദേശമാണ് ഈ കൊച്ചു സർപ്രൈസിലൂടെ മാനേജ്മെന്റ് നൽകിയത്.
∙ ‘നമ്മുടെ ശക്തി നമ്മുടെ ജീവനക്കാർ’
വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഹസീന നിഷാദ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വൈകാരികമായ വരികൾ. സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെ യഥാർഥ ശക്തി ജീവനക്കാരാണെന്ന് അവർ ഓർമിപ്പിച്ചു.
“ഒരു മാനേജിങ് ഡയറക്ടർ എന്ന നിലയിൽ, ഞങ്ങളുടെ യഥാർഥ വിജയം വരുന്നത് ഞങ്ങളുടെ ജീവനക്കാരുടെ അർപ്പണബോധത്തിൽ നിന്നും പോസിറ്റീവ് മനോഭാവത്തിൽ നിന്നും കൂട്ടായ കരുത്തിൽ നിന്നുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവനക്കാരുടെ ഓരോ ശ്രമവും ആശയവും സംഭാവനയും നമ്മെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.” – ഹസീന കുറിച്ചു.
കൂടുതൽ വളരാനും പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും ജീവനക്കാരെ അവർ ആഹ്വാനം ചെയ്തു. “നമ്മുടെ ശക്തി നമ്മുടെ ജീവനക്കാരാണ്, നമ്മുടെ സാധ്യതകൾ അതിരുകളില്ലാത്തതുമാണ്” എന്ന വാക്കുകളോടെയാണ് ഹസീന കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ വിജയം അത് ഉണ്ടാക്കുന്ന ലാഭത്തിൽ മാത്രമല്ല, അവിടെ ജോലി ചെയ്യുന്നവരെ എങ്ങനെ പരിഗണിക്കുന്നു എന്നതിലാണെന്ന് ഈ വാചകങ്ങൾ അടിവരയിടുന്നു.
∙ ‘വേക്കൻസി ഉണ്ടോ?’
സോഷ്യൽ മീഡിയയിൽ വിഡിയോ പ്രത്യക്ഷപ്പെട്ടതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. നിമിഷനേരം കൊണ്ട് 24ലക്ഷത്തിലധികം കാഴ്ചക്കാരെ നേടാൻ ഈ കുറിപ്പിനും വിഡിയോയ്ക്കും സാധിച്ചു. കമന്റ് ബോക്സുകളിൽ അഭിനന്ദന പ്രവാഹമാണ്. അതേസമയം, രസകരമായ ചില കമന്റുകളും കാണാം. “എന്റെ ബോസ് പറയുന്നത് ഈ വിഡിയോ എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നാണ്!” എന്നാണ് ഒരു ഉപയോക്താവ് തമാശയായി കുറിച്ചത്. “അല്ല, നിങ്ങളുടെ കമ്പനിയിൽ ഒഴിവുകൾ വല്ലതും ഉണ്ടോ? എനിക്കും അവിടെ ചേരാൻ ആഗ്രഹമുണ്ട്!” എന്നായിരുന്നു മറ്റു പലരുടെയും കമന്റ്.
എന്നാൽ കേവലം സമ്മാനത്തിന്റെ മൂല്യത്തിനപ്പുറം, ജീവനക്കാരോട് സ്ഥാപനം കാണിക്കുന്ന ബഹുമാനത്തെയാണ് ഭൂരിഭാഗം പേരും പ്രശംസിച്ചത്. “ഭാഗ്യവാന്മാരായ ജീവനക്കാർ! അവർക്ക് ഐഫോൺ കിട്ടിയതുകൊണ്ടല്ല, മറിച്ച് തങ്ങളുടെ ജീവനക്കാരെ മാനേജ്മെന്റ് എങ്ങനെ പരിഗണിക്കുന്നു എന്ന് കണ്ടതുകൊണ്ടാണ് അവരെ ഭാഗ്യവാന്മാർ എന്ന് വിളിക്കുന്നത്,” എന്നൊരാൾ കുറിച്ച കമന്റ് ഏറെ ശ്രദ്ധ നേടി.
∙ ആരാണ് നിഷാദ് ഹുസൈനും ഹസീന നിഷാദും?
ഒരു സാധാരണ പ്രവാസിയിൽ നിന്നും യുഎഇയിലെ വൻകിട വ്യവസായിയായി ഉയർന്നുവന്ന പ്രചോദനാത്മകമായ ഒരു ചരിത്രമുണ്ട് നിഷാദ് ഹുസൈന്. 2008ലാണ് അദ്ദേഹം കേരളത്തിൽ നിന്നും യുഎഇയിലേക്ക് ചേക്കേറുന്നത്. തുടക്കത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടെങ്കിലും, തളരാത്ത അധ്വാനത്തിലൂടെ അബുദാബിയിൽ ‘വേൾഡ് സ്റ്റാർ ഹോൾഡിങ്’ എന്ന സ്ഥാപനത്തിന് അദ്ദേഹം തറക്കല്ലിട്ടു. പിന്നീട് ഷാർജയിലേക്ക് ആസ്ഥാനം മാറ്റിയ കമ്പനി ഇന്ന് ദശലക്ഷക്കണക്കിന് ഡോളർ വിറ്റുവരവുള്ള വൻകിട പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു. ആയിരക്കണക്കിന് ജീവനക്കാരാണ് ഇന്ന് ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.
വിവാഹശേഷം ഭർത്താവിനൊപ്പം യുഎഇയിലെത്തിയ ഹസീന നിഷാദ്, നിഷാദിന്റെ ബിസിനസ്സ് യാത്രയിൽ ഉറച്ച പിന്തുണയായി കൂടെയുണ്ടായിരുന്നു. പിന്നീട് കമ്പനിയുടെ മാനേജിങ് ഡയറക്ടർ പദവി ഏറ്റെടുത്ത ഹസീന, സ്ഥാപനത്തിന്റെ വളർച്ചയിലും ജീവനക്കാരുടെ ക്ഷേമത്തിലും നിർണായക പങ്കാണ് വഹിക്കുന്നത്.
∙ കോർപറേറ്റ് ലോകത്തിന് ഒരു പുതിയ മാതൃക
ജീവനക്കാരെ കേവലം ജോലി ചെയ്യുന്ന യന്ത്രങ്ങളായി കാണുന്ന ഇന്നത്തെ കോർപറേറ്റ് ലോകത്ത്, നിഷാദ് ഹുസൈന്റെയും ഹസീന നിഷാദിന്റെയും ഈ പ്രവർത്തനം വലിയൊരു സന്ദേശമാണ് നൽകുന്നത്. ജീവനക്കാരുടെ സന്തോഷവും അവരുടെ മാനസിക സംതൃപ്തിയും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് എത്രത്തോളം ആവശ്യമാണെന്ന് ഇവർ തെളിയിക്കുന്നു.
സമ്മാനമായി നൽകിയ ഐഫോണിന്റെ വിലയേക്കാൾ, അത് ജീവനക്കാർക്ക് നൽകിയ ആത്മാഭിമാനവും സന്തോഷവുമാണ് പ്രധാനം. വലിയ കൊട്ടാരങ്ങളും കോടികളുടെ ആസ്തിയും ഉണ്ടാക്കുന്നതിനേക്കാൾ പ്രധാനം കൂടെ നിൽക്കുന്നവരുടെ കണ്ണുകളിലെ സന്തോഷമാണെന്ന് തെളിയിച്ച ഈ മലയാളി ദമ്പതികൾ കോർപറേറ്റ് ലോകത്തിന് വരുംകാലങ്ങളിൽ പിന്തുടരാവുന്ന മികച്ചൊരു മാതൃക തന്നെയാണ്.

