KSDLIVENEWS

Real news for everyone

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് പങ്കാളി

SHARE THIS ON

വടകര(കോഴിക്കോട്): വടകര  എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കീർത്തനയുടെ ജീവിതപങ്കാളി പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജനീഷ് (38) ആണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

പ്രതി ജനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറാണ് ഇയാൾ. എം.ഡി.എം.എ കേസിൽ കീർത്തന പിടിയിലാകുംവരെ ഇവർ ഒരുമിച്ചായിരുന്നു താമസം. കീർത്തന ജയിലിൽ നിന്നിറങ്ങിയ ശേഷം ഇവർ അകന്നിരുന്നു.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി എത്തിയതായിരുന്നു. ഈ സമയത്താണ് ജനീഷ് ആക്രമിച്ചത്.

സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ: ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം. 

പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കാവ്യ, കീർത്തന, നീഷ്മ എന്നിവരടക്കം അഞ്ച് പേരാണ് ജൂലായ് മാസത്തിൽ വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായത്. ഇവർ ഇൻസ്റ്റഗ്രാം വഴി ലഹരി മാഫിയയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.

ഈ കേസിൽ രണ്ടാം പ്രതിയായ കീർത്തനയ്ക്കും തുടർന്ന് മൂന്നാം പ്രതിയായ കാവ്യയ്ക്കും അടുത്തിടെ ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. 

എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കേസിൽ അറസ്റ്റിലായതിന് പിന്നാലെ കീർത്തനയെ ജോലിയിൽനിന്ന് ബിആർസി പിരിച്ചുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!