KSDLIVENEWS

Real news for everyone

പ്രമുഖ കമ്പനികളുടെ ഡാറ്റാ സെന്ററുകൾ തകർത്ത് റഷ്യ, ചരക്കുകപ്പലുകളും ലക്ഷ്യംവച്ചു; യുക്രൈനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 6 പേർ

SHARE THIS ON

കീവ്: യുക്രെയ്‌നിലെ പ്രമുഖ ഡാറ്റാ സെന്ററുകളെയും ടെലികോം വിനിമയ ശൃംഖലകളെയും ലക്ഷ്യമിട്ട് പുലർച്ചെ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ കൗമാരക്കാരി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായും എട്ടോളം മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾക്കും ഊർജ നിലയങ്ങൾക്കും നാശനഷ്ടമുണ്ടായതായും യുക്രെയ്ൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ സപ്പോറീഷ്യ മേഖലയിൽ മൂന്ന് പേരും തലസ്ഥാനമായ കീവിൽ ഒരാളും കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി എക്സിലൂടെ അറിയിച്ചു. വടക്കുകിഴക്കൻ മേഖലയായ സുമിയിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ ഒരു വയോധികയും 16 വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടതായി പ്രാദേശിക മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി ഒലെഗ് ഹ്രിഹോറോവ് റിപ്പോർട്ട് ചെയ്തു.

യുക്രെയ്ൻ സായുധ സേനയ്ക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന വോഡഫോൺ, കീവ്സ്റ്റാർ, ഒമേഗ ടെലികോം എന്നീ പ്രമുഖ കമ്പനികളുടെ ഡാറ്റാ സെന്ററുകൾ തങ്ങൾ ഡ്രോൺ ഉപയോഗിച്ച് വിജയകരമായി തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. കീവിലെ ഒരു പ്രധാന ഡാറ്റാ സെന്ററിനു നേരെ റഷ്യ രണ്ട് തവണ ബോംബാക്രമണം നടത്തിയതായും കീവ്സ്റ്റാറിന്റെ ആശയവിനിമയ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചതായും യുക്രെയ്ൻ സ്ഥിരീകരിച്ചു. ഇതിനു പുറമെ കീവ്, ഒഡേസ മേഖലകളിലെ മൂന്ന് ലോജിസ്റ്റിക്സ് സെന്ററുകൾക്ക് നേരെയും, ഒഡേസ തുറമുഖത്തേക്ക് വരികയായിരുന്ന രണ്ട് ചരക്കുകപ്പലുകൾക്ക് നേരെയും റഷ്യൻ സൈന്യം ആക്രമണം നടത്തി.

ഒഡേസയിലെ ഒരു മെഡിക്കൽ സെന്റർ, ഹോട്ടൽ, ധാന്യപ്പുര എന്നിവ തകർന്നതായി ഒഡേസ ഗവർണർ ഒലെഹ് കിപ്പർ അറിയിച്ചു. അതിർത്തി മേഖലകളിലും പരിസരത്തുമായി യുക്രെയ്ൻ അയച്ച 96 ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യ അവകാശപ്പെട്ടു. ഊർജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്താൻ ഇരുരാജ്യങ്ങൾക്കും മേൽ അമേരിക്ക സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇരുപക്ഷവും ഇത് അംഗീകരിച്ചിട്ടില്ല. അതിനിടെ, കഴിഞ്ഞ ആഴ്ച റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ തങ്ങളുടെ ഉൽപാദന കേന്ദ്രങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന്, യുക്രെയ്നിലെ പ്രമുഖ ഡ്രോൺ നിർമാതാക്കളായ പെഗാസസ് ആംസ് തങ്ങളുടെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നതായി ഔദ്യോഗികമായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!