ഉത്തർപ്രദേശിലെ വൃന്ദാവനിൽ പ്രശസ്ത യുവ സന്യാസി ആശ്രമ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിൽ

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ വൃന്ദാവനിൽ സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ഗുരുകൃപ കുഞ്ച് ആശ്രമത്തിൽ യുവസന്യാസി മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആശ്രമ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് യുവസന്യാസി മരിക്കുകയായിരുന്നു. തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതര പരുക്കുകൾ ഏറ്റിരുന്നു. കൂടാതെ സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിലുമായിരുന്നു.
സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് നാലുനില കെട്ടിടത്തിൽനിന്ന് വീണു മരിച്ചത്. കെട്ടിടത്തിൽനിന്ന് വീണ് പരുക്കേറ്റ നിലയിൽ ദീപക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച പുലർച്ചെയാണ് വിവരം ലഭിച്ചതെന്ന് മഥുര പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് ചാടി ദീപക് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തുനിന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശസ്തനായ സന്ത് പ്രേമാനന്ദ് മഹാരാജിന്റെ യഥാർത്ഥ പേര് അനിരുദ്ധ് പാണ്ഡെ എന്നാണ്. വൃന്ദാവനിൽ ‘ശ്രീ ഹിത് രാധാ കേളീകുഞ്ച്’ എന്ന പേരിൽ ആശ്രമം സ്ഥാപിച്ച് പ്രവർത്തിക്കുന്ന അദ്ദേഹത്തെ കാണാൻ ദിനംപ്രതി നൂറുകണക്കിന് സന്ദർശകരാണ് ഇവിടെയെത്താറുള്ളത്.

