യുഡിഎഫ് കൺവീനറായത് മുതൽ പല സമയങ്ങളിലും അവഗണിക്കപ്പെട്ടു; സർക്കാരിന്റെ ചില തീരുമാനങ്ങൾ തിരിച്ചടിയാകുന്നു: അടൂർ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫ് കൺവീനറായത് മുതൽ പല സമയങ്ങളിൽ താൻ അവഗണിക്കപ്പെട്ടെന്ന് അടൂർ പ്രകാശ്. യുഡിഎഫിലെ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. പരാതി എഐസിസിയെ അറിയിക്കുമെന്നും ഇതിന്റെ പേരിൽ സ്ഥാനത്തുനിന്ന് മാറ്റിയാലും ദുഃഖമില്ലെന്നും അടൂർ പ്രകാശ് ട്വന്റിഫോറിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമാനയാത്ര ജനങ്ങളെ ബോധ്യപ്പെടുത്തണം. സർക്കാരിന്റെ ചില തീരുമാനങ്ങൾ തിരിച്ചടിയാകുന്നുണ്ടെന്നും അടൂർ പ്രകാശ് തുറന്നടിച്ചു.
താൻ കൂട്ടായി യോജിച്ച് പ്രവർത്തിക്കാൻ ശ്രമിച്ചു, എന്നാൽ ഒരു കാര്യങ്ങളും ആലോചിക്കാതെയാണ് ചെയ്യുന്നതെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. എല്ലാം ജനങ്ങൾ വിലയിരുത്തുമെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമാന യാത്രയില്‍ യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ മറുപടി പറയാന്‍ കഴിതാറില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ബാധ്യസ്തനാണെന്ന് അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തോടെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം ശക്തമാവുകയാണ്. മുസ്ലീംലീഗ് അടക്കമുളള ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകിയതും സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും ആസൂത്രണ ബോർഡ് പുന:സംഘടിപ്പിച്ചതും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പോലും അറിഞ്ഞില്ല. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ ഏകപക്ഷീയമെന്ന് ഹൈക്കമാൻഡിനെ അറിയിക്കാനാണ് മുതിർന്ന നേതാക്കളുടെ നീക്കം.

