KSDLIVENEWS

Real news for everyone

വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു: പ്രതിസന്ധി സൃഷ്ടിച്ച് പദവിയിലേക്ക് വരുന്നതിൽ പ്രയാസമെന്നും മുനീർ

SHARE THIS ON

കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീർ. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതിലും പ്രതിസന്ധികൾ സൃഷ്ടിച്ച് പദവിയിലേക്ക് വരുന്നതിലും തനിക്ക് പ്രയാസമുണ്ടെന്ന് മുനീർ വ്യക്തമാക്കി.

ഭരണപരിഷ്കാര കമ്മീഷൻ പദവി സംബന്ധിച്ച് യുഡിഎഫ് ചർച്ച ചെയ്തിട്ടുണ്ടാകണം. മുന്നണിയിൽ പല ആലോചനകളും ഉണ്ടാകും. അതു കൊണ്ടാണ് തീരുമാനം വൈകിയതെന്നും മുനീർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. ഇത് ഒരു ആലങ്കാരിക പദവിയോ ആരെയെങ്കിലും സഹായിക്കാനുള്ള പദവിയോ അല്ല. ലീഗിന്റെ പ്രസക്തി ഇന്നലെ ചർച്ച ചെയ്യാൻ തുടങ്ങിയ കാര്യവുമല്ല. എന്നെ സഹായിക്കാനുള്ള ഒരു ആലങ്കാരിക പദവിയായിരുന്നെങ്കിൽ ഈ ചർച്ചകൾക്ക് പ്രസക്തിയുണ്ടാകുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ചർച്ചയുടെ കൂടെ ഞാനും നിൽക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആരോഗ്യപരമായ കാരണങ്ങളാൽ മത്സരിക്കാതിരുന്ന സമയത്ത് മുനീറിന് ക്യാബിനറ്റ് പദവിയുള്ള സ്ഥാനം നൽകാമെന്ന് യു.ഡി.എഫ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാൽ, ഈ പദവി കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുന്നണിയിൽ വേണ്ടത്ര ആലോചനകളില്ലാതെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ലീഗുമായി ചർച്ച നടത്തി തീരുമാനമെടുത്തതെന്ന നിലയിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യ വിമർശനം ഉന്നയിച്ചതോടെ വിഷയം കൂടുതൽ വിവാദമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!