KSDLIVENEWS

Real news for everyone

ഐഡിബിഐ ബാങ്കിനെ കനേഡിയൻ സ്ഥാപനത്തിന് വിൽക്കാൻ കേന്ദ്രം അംഗീകാരം നൽകി; രാജ്യത്തെ ഏറ്റവും വലിയ ഇടപാടുകളിലൊന്ന്

SHARE THIS ON

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെയും എൽഐസിയുടെയും നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ 52,878 കോടി രൂപയ്ക്ക് ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് വിൽക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കനേഡിയൻ ധനകാര്യ സ്ഥാപനമാണ് ഫെയർ ഫാക്സ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയുടെ (സിസിഇഎ) ഈ തീരുമാനം അഞ്ച് വർഷത്തിലേറെയായി നീണ്ടുനിന്ന നടപടികൾക്കാണ് അവസാനമാകുന്നത്. രാജ്യത്തെ ധനകാര്യ മേഖലയിലെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ വിദേശനിക്ഷേപത്തിനാണ് ഇതിലൂടെ വഴിതുറന്നത്. എയർ ഇന്ത്യയുടെ വിൽപനയ്ക്കുശേഷം സർക്കാർ നിയന്ത്രണത്തിലുണ്ടായിരുന്ന സ്ഥാപനത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കൽകൂടിയാണിത്.

ഓഹരി വിറ്റഴിക്കലിനുശേഷം സർക്കാരും എൽ.ഐ.സിയും ചേർന്ന് ഐഡിബിഐ ബാങ്കിൽ 34 ശതമാനം ഓഹരി നിലനിർത്തുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്ര സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് കൈവശം വെച്ചിരിക്കുന്നതിൽനിന്ന് 60.72 ശതമാനം ഓഹരികൾ വിൽക്കുന്ന നടപടികൾ പൂർത്തിയാകുന്നതോടെ ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ഫെയർഫാക്‌സിന് കൈമാറും.

ഫെയർഫാക്‌സിന് കൈമാറുന്ന ഓഹരികളിൽ കേന്ദ്ര സർക്കാരിന്റെ 30.48 ശതമാനം ഓഹരികളും എൽ.ഐ.സിയുടെ 30.24 ശതമാനം ഓഹരികളുമാണ് ഉൾപ്പെടുന്നത്. 52,877.07 കോടി രൂപയ്ക്കാണ് ഈ ഓഹരികൾ വിൽക്കുന്നത്.

നിലവിൽ ഐഡിബിഐ ബാങ്കിൽ എൽ.ഐ.സിക്ക് 49.24% ഉം കേന്ദ്ര സർക്കാരിന് 45.48% ഉം ഓഹരികളാണ് ഉള്ളത്. രണ്ടുംകൂടി 94.71% ഓഹരികൾ. വിൽപനയ്ക്കുശേഷം എൽ.ഐ.സിക്ക് ഏകദേശം 19 ശതമാനവും കേന്ദ്ര സർക്കാരിന് 15 ശതമാനവും ഓഹരികൾ ഉണ്ടായിരിക്കും.

പൊതുമേഖലാ ബാങ്കായിരുന്ന ഐഡിബിഐ ബാങ്കിൽ എൽഐസി 51 ശതമാനം നിയന്ത്രണ ഓഹരി സ്വന്തമാക്കിയതിനെ തുടർന്ന് 2019ൽ ആർബിഐ ഇതിനെ സ്വകാര്യബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2022-ലാണ് ഓഹരികൾ വിൽക്കാൻ സർക്കാർ താത്പര്യപത്രം ക്ഷണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!