KSDLIVENEWS

Real news for everyone

മുൻ മന്ത്രി വി.അബ്ദുറഹിമാനെതിരെ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടി സർക്കാർ; കത്ത് കൈമാറി മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ തട്ടിപ്പു നടത്തിയെന്ന വിവാദത്തിൽ മുൻ കായികമന്ത്രി വി.അബ്ദു റഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറോട് അനുമതി തേടി സർക്കാർ. മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഇതു സംബന്ധിച്ച കത്ത് ഗവർണർക്കു കൈമാറിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ തിങ്കളാഴ്ച രാജ്ഭവനിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണു റിപ്പോർട്ട്. 22നാണു പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ ചുമതല ഏൽക്കുന്നത്. മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി അന്വേഷിക്കാൻ ആഭ്യന്തരവകുപ്പിന് നേരിട്ട് ഉത്തരവിടാനാകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽനിന്ന് സർക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുകളിലെ അന്വേഷണമായതിനാൽ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടണമെന്ന് നിയമവകുപ്പിൽനിന്നു മറ്റൊരു അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

അതേസമയം, സ്‌പോൺസർ ആയിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അർജന്റീന ഫുട്‌ബോൾ അസോസിയേഷനു പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കായിക മന്ത്രി ഒ.ജെ.ജെനീഷ് നിയമസഭയിൽ അറിയിച്ചു. എഎഫ്എയ്ക്ക് ഏകദേശം 126 കോടി രൂപ നൽകിയെന്നാണ് സ്‌പോൺസർ അവകാശപ്പെടുന്നത്. ഈ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള ബാങ്ക് ഡെബിറ്റ് അഡൈ്വസ്, സ്വിഫ്റ്റ് പകർപ്പ്, ഫോം എ2, ഫോം 15സിബി, ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടവ് രസീത് എന്നിവയൊന്നും സർക്കാരിൽ ലഭ്യമല്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയെന്നും കായിക മന്ത്രി മറുപടി നൽകി. മുൻ കായിക മന്ത്രിയുടെയും സ്‌പോർട്‌സ് സെക്രട്ടറിയുടെയും ഡയറക്ടറുടെയും സ്‌പെയിൻ യാത്രയും അന്വേഷിക്കും.

സ്‌പോൺസർഷിപ് തട്ടിപ്പിൽ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് ഈ മാസം 5ന് സർക്കാരിനു കൈമാറിയിരുന്നു. മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ അടക്കം 5 പേർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ

അർജന്റീന ഇടപാടിൽ സ്‌പോൺസറായ സ്വകാര്യസ്ഥാപനത്തിനു സാമ്പത്തികലാഭം നേടിക്കൊടുക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് എസ്‌ഐടിയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ വി.അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലി, സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി), അതിന്റെ ഉടമ ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് എസ്‌ഐടി ശുപാർശ. അർജന്റീന ഇടപാടിന്റെ മറവിലെ വഴിവിട്ടനീക്കങ്ങളിലൂടെ സർക്കാരിനു കോടികളുടെ സാമ്പത്തികനഷ്ടമുണ്ടായെന്നും സർക്കാർ രേഖകൾ ദുരുപയോഗം ചെയ്‌തെന്നും അന്വേഷണത്തിൽ കണ്ടെത്തി.

error: Content is protected !!