വഖഫ് നീതി നിഷേധം: 22ന് സംസ്ഥാന വ്യാപകമായി സുന്നി സംഘടനകളുടെ പ്രക്ഷോഭം

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നിഷേധിച്ചതായി കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് കടുത്ത നീതിനിഷേധവും വഞ്ചനയുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ സംഘടനയുടെ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.
ഈ മാസം 22-ാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കേരളത്തിൽ നിലവിലുള്ള വഖഫ് സ്വത്തുക്കളിൽ ഭൂരിഭാഗവും സുന്നി വിഭാഗത്തിന് കീഴിലുള്ളതാണെന്ന് നേതാക്കൾ വ്യക്തമാക്കി. 12,196-ഓളം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. എന്നാൽ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ തങ്ങൾക്ക് യാതൊരുവിധ പ്രാതിനിധ്യവും നൽകിയില്ല. ഗവൺമെന്റ് അധികാരത്തിൽ വന്ന ഘട്ടത്തിൽ വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ പുനഃസംഘടിപ്പിക്കുമ്പോൾ അർഹമായ പ്രാതിനിധ്യം നൽകുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉറപ്പുനൽകിയിരുന്നതാണെന്നും, അതിന്റെ കടുത്ത ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എ. സൈഫുദ്ദീൻ ഹാജി, മജീദ് കക്കാട്, മുഹമ്മദ് പറവൂർ തുടങ്ങിയ നേതാക്കൾ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

