ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; കോയമ്പത്തൂരിൽ സ്കൂൾ വിദ്യാർഥി ജീവനൊടുക്കി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ വിജയകുമാറിനെ പീലമേട് പോലീസ് അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.
ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് അമ്മ കൗസല്യാദേവിയോട് പറഞ്ഞാണ് അഖിലൻ വീട്ടിൽനിന്ന് ഇറങ്ങിയത്. വീട്ടുജോലിക്കാരിയായ അമ്മ ഉച്ചയോടെ ഭാരതി കോളനിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അഖിലനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു മാസം മുമ്പ് സ്റ്റൈപ്പൻഡിനായുള്ള പട്ടിക തയ്യാറാക്കുന്നതിനിടെ ക്ലാസിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെക്കുറിച്ച് അധ്യാപകൻ വിജയകുമാർ അന്വേഷിച്ചിരുന്നു. തുടർന്ന് ക്ലാസിൽ ബീഫ് കഴിക്കുന്നവർ ആരൊക്കെയാണെന്ന് ചോദിച്ചപ്പോൾ അഖിലൻ അടക്കം അഞ്ച് കുട്ടികൾ എഴുന്നേറ്റുനിന്നു. ഇതിനു പിന്നാലെ രണ്ട് സഹപാഠികൾ തന്നെ നിരന്തരം ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി അഖിലൻ അമ്മയോട് പറഞ്ഞിരുന്നു.
സഹപാഠികളുടെ പീഡനത്തിനെതിരെ അധ്യാപകനും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. താൻ സ്കൂളിലെത്തി ചോദിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഒറ്റപ്പെടുമെന്ന് ഭയന്ന് മകൻ വിലക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. അഖിലന്റെ പിതാവ് അശോക് കുമാർ കേരളത്തിലെ റിസോർട്ടിൽ ജീവനക്കാരനാണ്.
ഭാരതീയ ന്യായ സംഹിതയിലെയും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പീലമേട് പോലീസ് അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)

