KSDLIVENEWS

Real news for everyone

68 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തം: സ്പെയിനിൽ വൻ പ്രക്ഷോഭം; മന്ത്രിമാർ രാജിവെക്കണമെന്ന് ആവശ്യം

SHARE THIS ON

മാഡ്രിഡ്: സ്പെയിനിൽ 68 പേർ മരിക്കാനിടയായ അതിവേഗ റെയിൽദുരന്തത്തെ തുടർന്ന് ജനരോഷം ആളിക്കത്തുന്നു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഗതാഗത മന്ത്രി ഓസ്കാർ പുഎന്റെയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകർ തെരുവിലിറങ്ങി. രാജ്യത്ത് ദേശീയ തിരഞ്ഞെടുപ്പ് നടക്കാൻ നാലാഴ്ച മാത്രം ശേഷിക്കെയാണ് അപകടം.

റെയിൽ ദുരന്തത്തിൽ 68 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആധുനിക യൂറോപ്പ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായാണ് ഈ സംഭവത്തെ കണക്കാക്കുന്നത്. അപകടത്തെ തുടർന്ന് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ ഗതാഗത മന്ത്രാലയത്തിന് മുന്നിൽ 1,500-ഓളം ആളുകൾ തടിച്ചുകൂടി.

‘മരണത്തിന്റെ മന്ത്രിയായ സ്കാർ പുഎന്റെ’ എന്ന മുദ്രാവാക്യം വിളിച്ചും ‘കുറ്റവാളികളേ, 78-ലെ ഭരണകൂടം താഴെയിറങ്ങട്ടെ’ എന്ന ബാനർ ഉയർത്തിയും പ്രതിഷേധിച്ച ഇവർ, പോലീസിനുനേരെ കുപ്പികൾ എറിഞ്ഞെന്നും പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചെന്നും ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അപകടം കൈകാര്യംചെയ്ത രീതിയെ ചോദ്യംചെയ്തുകൊണ്ട് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റെയിൽ സുരക്ഷ ഉറപ്പാക്കാനായി പണിമുടക്ക് നടത്തുമെന്ന് സ്പാനിഷ് റെയിൽവേ ഡ്രൈവർമാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകി. പ്രക്ഷോഭത്തിൽ പരിക്കേറ്റതായോ അറസ്റ്റ് രേഖപ്പെടുത്തിയതായോ റിപ്പോർട്ടുകളില്ല.

പാളംതെറ്റിയ ട്രെയിൻ എതിർദിശയിൽ വന്ന തീവണ്ടിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ജനുവരിയിൽ 46 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഉൾപ്പെടെ 4.5 കോടി യാത്രക്കാർ റെയിൽ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. റെയിൽവേയുടെ മേലുള്ള വിശ്വാസം തകർത്ത ദുരന്തങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ടൊലെഡോയിലെ അപകടസ്ഥലം സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി സാഞ്ചസ് ഉറപ്പുനൽകി. രാജ്യത്ത് സർക്കാർ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വീടുകൾ വാങ്ങുന്നതിനും വാടകയ്‌ക്കെടുക്കുന്നതിനുമുള്ള ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ നേരത്തെതന്നെ പ്രതിഷേധത്തിലായിരുന്നു. റെ‍യിൽ അപകടങ്ങൾ പ്രക്ഷോഭത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!