മമ്മൂട്ടിയെ ആക്രമിക്കാൻ ഞങ്ങളില്ല, വിമർശനത്തെ ക്രിയാത്മകമായി കാണുന്നു; കാലിക്കറ്റ് സർവകലാശാലയിൽ നടന്നത് KSU-MSF-ലീഗ് ആസൂത്രിതനീക്കം-ഗോവിന്ദൻ

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്നും എതിരഭിപ്രായമുള്ളവരോടും നല്ല രീതിയിൽ സംവദിക്കുക എന്നതാണ് പാർട്ടിയുടെ പുതിയ നയമെന്നും ഗോവിന്ദൻ പറഞ്ഞു. മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. നേതാക്കൾക്കും നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി.
മമ്മൂട്ടി ലോകം അറിയുന്ന മലയാളത്തിന്റെ മഹാനടനാണ്. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നത്. എതിരഭിപ്രായമുള്ളവരോടും നല്ല രീതിയിൽ സംവദിക്കുക എന്നതാണ് ലൈൻ. മമ്മൂട്ടിയെ ആക്രമിക്കാൻ ഞങ്ങളില്ല. സിപിഎമ്മിന് അങ്ങനെ ഒരു താൽപര്യമില്ല. ഞങ്ങളും ഇത്തരത്തിലുള്ള ആളുകളെ കാണാൻ പോവുകയാണ്.’ ഗോവിന്ദൻ വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷം ലീഗും കെ.എസ്.യുവും എംഎസ്എഫും ചേർന്ന് നടത്തിയ ആസൂത്രിതമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐക്കാരെ കൊന്നോട്ടെ എന്ന മാനസികാവസ്ഥയുള്ള മാധ്യമങ്ങൾ കേരളത്തിലുണ്ടെന്നും സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകി.
‘കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി സംഘർഷം വളരെ ആസൂത്രിതമായ നീക്കമാണ്. ലീഗും കെ.എസ്.യുവും എംഎസ്എഫും ചേർന്നാണ് ആക്രമണം നടത്തിയത്. ഭീകരമായ കടന്നാക്രമണവും ക്രൂരമായ നിലപാടുമാണ് അവിടെ ഉണ്ടായത്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്.’ ഓരോ മലയാളിയും ഈ ക്രൂരതയുടെ ദൃശ്യങ്ങൾ കാണണമെന്നും അതുകൊണ്ടാണ് ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ആയുധം ഉപയോഗിച്ച് എസ്.എഫ്.ഐ. ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു. പ്രതിരോധിക്കുന്നതിൽ ഞങ്ങൾക്ക് ഭയമില്ല. എസ്.എഫ്.ഐ.ക്കാരെ കൊന്നോട്ടെ എന്ന മാനസികാവസ്ഥയുള്ള മാധ്യമങ്ങൾ കേരളത്തിലുണ്ട്. ഇത്തരം ആക്രമണങ്ങളെ നേരിടാനുള്ള കരുത്തും ശേഷിയും എസ്.എഫ്.ഐ.ക്കുണ്ട്.’ സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നരുടെ മക്കൾക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അധികാരത്തിന്റെ തണലിൽ ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. എസ്.എഫ്.ഐ. നേതാക്കളെ എം.എസ്.എഫ്. പ്രവർത്തകർ ആശുപത്രിയിൽ കയറി ആക്രമിച്ച സംഭവത്തെക്കുറിച്ചും ഗോവിന്ദൻ ആരോപണങ്ങൾ ഉന്നയിച്ചു.
ആശുപത്രിയിലും ആക്രമണം നടത്തി. ആശുപത്രിയിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ചാണ് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയെ മർദിച്ചത്. മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചത് അവർക്ക് സഹിക്കാനാകുന്നില്ല. ആ ഭ്രാന്താണ് അവിടെ കണ്ടത്. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണം. ഇതിന് മുസ്ലിം ലീഗ് നേതൃത്വം ഉത്തരം നൽകണം. കുഞ്ഞാലിക്കുട്ടി മറുപടി പറയണം.’ എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

