വോട്ട് ചോരിയിൽ ചർച്ചയ്ക്ക് തയ്യാർ, സമ്മതിക്കാത്തത് രാഹുൽ ഗാന്ധി’; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അമിത് ഷാ

ലഖ്നൗ: പ്രതിപക്ഷം ഉയർത്തുന്ന ‘വോട്ട് ചോരി’ ആരോപണങ്ങളിൽ ചർച്ച നടത്തുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ബി.ജെ.പി തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇതിന് ഒരിക്കലും സമ്മതിക്കില്ലെന്നും വിഷയം ചർച്ചചെയ്യുന്നതിന് പകരം തെരുവിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് രാഹുലിന് താല്പര്യമെന്നും അമിത് ഷാ ആരോപിച്ചു. ലഖ്നൗവിൽ നടന്ന ഉത്തർപ്രദേശ് ബി.ജെ.പി സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആരോപണങ്ങളും പാർലമെന്റിനകത്ത് ചർച്ചചെയ്യാൻ രാഹുൽ ഗാന്ധിയെയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും വെല്ലുവിളിക്കുന്നതായി അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും മത്സരത്തിൽ തോറ്റ ശേഷം ‘അമ്പയറെ’ കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷ നേതാക്കൾ ചെയ്യുന്നതെന്നും അമിത് ഷാ വിമർശിച്ചു.
ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ‘പബ്ലിക് ഇംപീച്ച്മെന്റ്’ നടത്താനും രാംലീല മൈതാനത്ത് പ്രതിഷേധ റാലി സംഘടിപ്പിക്കാനും തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഷായുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മിഷൻ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിലൂടെ വോട്ട് തിരിമറി നടത്തിയെന്നും അത് ബി.ജെ.പിയെ സഹായിക്കാനാണെന്നും ആരോപിച്ചാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.

