ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി കെ.എം. ഷാജി നിര്‍വഹിച്ചു

കാസർകോട്: ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമാവുന്ന രീതിയില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിയമക്കുരുക്കുകള്‍ അഴിക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണം. നിയമം ഇല്ലെന്ന് പറഞ്ഞൊഴിയുന്നതിന് പകരം ജനോപകാരപ്രദമായ നിയമം ഉണ്ടാക്കാന്‍ ശ്രമിക്കലാണ് ഒരു ജനപ്രതിനിധി ചെയ്യേണ്ട ഏറ്റവും പ്രധാന ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ചുള്ള പുതിയ നടപടികള്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. തെരുവുനായകള്‍ക്കായി ഷെല്‍ട്ടറുകളും പരമാവധി എ.ബി.സി സെന്ററുകളും തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രമിക്കണം. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും ഇതിനുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.
കാട് പിടിച്ചുകിടന്ന സ്ഥലം ജില്ലാ പഞ്ചായത്ത് വരുമാനമുണ്ടാക്കുന്നതും ക്രിയാത്മകവുമാക്കി മാറ്റിയെന്നത് അഭിനന്ദനാര്‍ഹമാണ്. ഒരു വാര്‍ഡ് മെമ്പര്‍ ഒരു സ്ഥലം കണ്ടെത്തി അവിടം നന്നാക്കിയെടുക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ 20,999 സ്ഥലങ്ങള്‍ അങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ഇ.വി ചാര്‍ജിങ് സ്റ്റേഷന് ഒരുക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് സ്വന്തമായി ഇ.വി ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്തിന് സമീപത്തെ കാടുമൂടിക്കിടന്ന സ്ഥലം കെല്‍ട്രോണ്‍ സഹായത്തോടെ ഇതിനായി പ്രയോജനപ്പെടുത്തുകയായിരുന്നു.
ഒരേസമയം രണ്ട് കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും ചാര്‍ജ് ചെയ്യാനാകും. മറ്റു ചാര്‍ജിങ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഈടാക്കുക. ഇന്ധനച്ചെലവ് കുറക്കുക, പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുക, നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ (Net Zero Carbon Emission) എന്ന ലക്ഷ്യത്തിലേക്ക് നാടിനെ നയിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് മുഖ്യാതിഥിയായി. ജില്ലയിലെ 13 സ്കൂളുകള്‍ക്കുള്ള പ്രോജക്ടറുകളുടെ വിതരണോദ്ഘാടനവും കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇര്‍ഫാന ഇക്ബാല്‍, കൃഷ്ണന് ഒക്ലാവ്, എം. മനു, റീന തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ബി ഷഫീക്ക്, ഹര്‍ഷാദ് വോര്‍ക്കാടി, രാമപ്പ മഞ്ചേശ്വര, സബീഷ, ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം വി.എ മുഹമ്മദ് ഹനീഫ, എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ ജയ് പി. ബാല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതിയുടെ സാങ്കേതിക നിര്‍വഹണ ഏജന്‍സിയായ കെല്‍ട്രോണ്‍ മാനേജര്‍ ആന്‍ഡ് ഹെഡ് എം. രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സ്വാഗതവും സെക്രട്ടറി എസ്. ബിജു നന്ദിയും പറഞ്ഞു.

