KSDLIVENEWS

Real news for everyone

പയ്യന്നൂര്‍ ധന്‍രാജ് വധക്കേസ് ; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ; 15 ലക്ഷം കുടുംബത്തിന് നല്‍കണം

SHARE THIS ON

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം. തളിപ്പറമ്പ് അഡി.സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. മൂന്ന് പ്രതികളും അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണം. ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ താഴത്തെ പുരയില്‍ ടി.പി. ബിജു (34), രണ്ടാം പ്രതി കക്കംപാറയിലെ മാട്ടൂക്കാരന്‍ ഹൗസില്‍ എം. വിപിന്‍ (34), വിപിന്റെ സഹോദരനും മൂന്നാം പ്രതിയുമായ എം. വൈശാഖ് (31) എന്നിവര്‍ കുറ്റക്കാരെന്നു  കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ മറ്റു 16 പ്രതികളെ കോടതി വെറുതെവിട്ടു.  12ാം പ്രതി ചൂരക്കാട് ബിജു 2017 മെയ് 12നു കൊല്ലപ്പെട്ടിരുന്നു.

പിഴത്തുക ധനരാജിന്റെ കുടുംബത്തിന് നല്‍കണം. വിവിധ വകുപ്പുകളിലായി പ്രതികള്‍ക്ക് 5.4 വര്‍ഷത്തെ പ്രത്യേക തടവ് വിധിച്ചിട്ടുണ്ട്. ഈ ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുക. പിഴ അടച്ചില്ലെന്നും കൂടുതല്‍ തടവ്  ശിക്ഷ അനുഭവിക്കേണ്ടിവരും.

മുന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസില്‍ ഗൂഢാലോചന നടന്നെന്നോ പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്നു കോടതി നിരീക്ഷിച്ചു. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനാലാണു നാലു മുതല്‍ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടതെന്നും വ്യക്തമാക്കി. 

സി.പി.എം ഏഴിമല മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ 2016 ജൂലൈ 11ന് രാത്രി ഒന്‍പതേകാലോടെയാണു വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണു കൃത്യം നടത്തിയതെന്നായിരുന്നു കേസ്. 

ബഹളംകേട്ട് ഓടിയെത്തിയ അമ്മ സി.വി. മാധവിയും ഭാര്യ എന്‍.വി. സജിനിയും ദൃക്‌സാക്ഷികളാണ്. അയല്‍വാസി പ്രജീഷായിരുന്നു പരാതിക്കാരനും ഒന്നാം സാക്ഷിയും. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു ധനരാജ് മരിച്ചത്. 

കേസില്‍ 43 സാക്ഷികളെ വിസ്തരിക്കുകയും 177 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. 2025 സെപ്റ്റംബര്‍ 25നാണു വിചാരണ തുടങ്ങിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിലെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ ചര്‍ച്ചയായിട്ടുണ്ട്. 

ധനരാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടന്നെന്നു സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്‍ ആരോപിച്ചതോടെയാണു കേസ് വീണ്ടും ചര്‍ച്ചയായത്. പിന്നീട് പാര്‍ട്ടിവിട്ട കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സി.പി.എമ്മിനെ തോല്‍പ്പിച്ച് നിയമസഭാംഗമായി.

കക്കംപാറയിലെ കെ.വി. പ്രജിത്ത് ലാല്‍ (31), കെ. അനൂപ് (31), പണ്ടാരവളപ്പില്‍ രാജേഷ് (39), കാങ്കോല്‍ ആലക്കാട്ടെ കെ.എം. ബിജു (44), പയ്യന്നൂര്‍ കാരയിലെ പി. രാജേഷ് കുമാര്‍ (53), രാമന്തളി കക്കംപാറയിലെ കെ. മനൂപ് (32), മൊട്ടക്കുന്നിലെ സി. ഷൈജു (31), കക്കംപാറയിലെ കെ. ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി. രാജീവന്‍ (34), കക്കംപാറയിലെ കെ. മധു (42), തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ എസ്.ആര്‍. അജീഷ് (കണ്ണന്‍ 38), ചെറുവത്തൂര്‍ കുട്ടമത്തെ തമ്പാന്‍ മണിയേരി (58), പയ്യന്നൂര്‍ കാരയിലെ രമേശന്‍ കാര (50), കാങ്കോല്‍ വടശ്ശേരിയിലെ എ.പി. നിജേഷ് (കുട്ടന്‍38), മൊട്ടക്കുന്നിലെ മാട്ടൂക്കാരന്‍ ലിജിന്‍ (31) എന്നിവരെയാണു വെറുതെവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!