ബിസ്ലേരി കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി കമ്പനി

ന്യൂഡല്‍ഹി: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നുവെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം, രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി വ്യക്തതയില്ല.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ബ്രോമേറ്റ് എന്ന രാവസ്തു ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ പരിധിയിലും കൂടുതല്‍ കണ്ടെത്തിയെന്നാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി കണ്ടെത്തിയത്. കമ്പനിയുടെ അപ്പീല്‍ പരിഗണിച്ച് വീണ്ടും പരിശോധന നടത്തി. കാന്‍സറിന് വരെ കാരണമായേക്കാവുന്ന പോളി അരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍ രണ്ടാം പരിശോധനയില്‍ കണ്ടെത്തി. രണ്ട് പ്രാവശ്യവും കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെയാണ് കമ്പനിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ എഫ് എസ് എസ് ഐ തീരുമാനിച്ചത്.
പരിശോധന നടത്തിയ ബാച്ച് കുടിവെള്ളം വിലക്കിയോ വില്പന നടന്നോ തിരിച്ചെടുത്തോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയില്ല. ഏത് ബാച്ച് കുടിവെള്ളമാണെന്ന് തിരിച്ചറിഞ്ഞാലേ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷനുകള്‍ക്ക് വേഗത്തിലുള്ള നടപടി സ്വീകരിക്കാനാവൂ. അളവില്‍ കൂടുതല്‍ പഞ്ചസാര കണ്ടെത്തിയ ഒരു ബിസ്കറ്റ് കമ്പനിയുടെ ഉത്പന്നം കഴിഞ്ഞ ദിവസം തിരിച്ച് വിളിപ്പിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ തയ്യാറാക്കിയ മറ്റൊരു കമ്പനിയുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ബിസ്ലേരിക്കെതിരെ അത്തരമൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഗോവയിലെ പ്ലാന്റില്‍ നിന്നെടുത്ത സാമ്പിളാണ് പരിശോധിച്ചതെന്നും ആറില്‍ അഞ്ച് സാമ്പിളിലും ബ്രോമെഡ് സാന്നിിധ്യം കുറവായിരുന്നെന്നും ബിസ്ലേരി പറയുന്നു. രണ്ടാം പരിശോധനയില്‍ കണ്ടെത്തിയത് മറ്റൊരു രാവസ്തുവാണ്. ഈ വൈരുധ്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മറുപടി നല്‍കിയിട്ടില്ലെന്നും കമ്പനി പറയുന്നു. ബിസ്ലേരി നടത്തിയ പരിശോധനകളില്‍ വെള്ളം സുരക്ഷിതമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

