കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ

കോഴിക്കോട്: പന്തീരാങ്കാവിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചാക്കിൽ കുഴിച്ചിട്ട നിലയിൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിനു സമീപമാണ് സംഭവം. പറമ്പിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണതോടെയാണ് ചാക്കിനുളളിൽ സൂക്ഷിച്ച നിലയിൽ ഐഡി കാർഡുകൾ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പന്തീരാങ്കാവ് പൊലീസിലും വില്ലേജ് ഓഫിസിലും വിവരം അറിയിച്ചു.
പരിശോധനയിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ എണ്ണി തിട്ടപ്പെടുത്തി. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വോട്ടർമാരുടെ 2015 വരെ ഉപയോഗത്തിൽ ഉണ്ടായിരുന്ന ഐഡി കാർഡുകളാണ് ഇവയെന്നു സ്ഥിരീകരിച്ചു. ഒളവണ്ണയിൽ ബിഎൽഒമാരായി പ്രവർത്തിച്ചവർ ആരെങ്കിലുമാകാം ഇത് ഉപേക്ഷിച്ചതെന്നാണ് നിഗമനം. പുതിയ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്തപ്പോൾ തിരിച്ചെടുത്തവയാകാം ഇതെന്നാണ് സൂചന.
എണ്ണിത്തിട്ടപ്പെടുത്തിയ ഐഡി കാർഡുകൾ ജില്ലാ ഭരണകൂടത്തിനു കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫിസർ അറിയിച്ചു. പുതിയ കാർഡുകൾ നൽകിയപ്പോൾ വോട്ടർമാരിൽ നിന്ന് കൈപ്പറ്റിയ പഴയ തിരിച്ചറിയൽ കാർഡുകൾ യഥാക്രമം നശിപ്പിക്കാത്തതാണെന്നാണ് പ്രാഥമിക നിഗമനം.

